കണ്ണൂർ: ബിജെപി പ്രവർത്തകനായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊന്ന കേസിൽ ഒൻപത് പ്രതികൾ കുറ്റക്കാരെന്ന് കോടതി. സിപിഎം നേതാക്കളും പ്രവർത്തകരും അടക്കമുള്ളവരാണ് പ്രതികൾ. പത്താം പ്രതിയെ കോടതി വെറുതെ വിട്ടു.
2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് കൊലപാതകം നടന്നത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിലായിരുന്നു ആക്രമണം. രാഷ്ട്രീയ വിരോധത്തോടെ പ്രതികൾ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ടി പി കേസിൽ ശിക്ഷിക്കപ്പെട്ട രജീഷ് ഉൾപ്പടെയുള്ള പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷാണ് നിലവിൽ കേസിലെ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണന്‍ അഞ്ചാം പ്രതിയുമാണ്. എന്‍.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കേസിന്റെ വിചാരണക്കിടെ ഒന്നാം പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും മരണപ്പെട്ടിരുന്നു.
കേസിന്റെ തുടക്കത്തില്‍ പത്തുപേരായിരുന്നു കേസിൽ പ്രതികൾ. പിന്നീട് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷിന്‍റെ കുറ്റസമ്മത മൊഴി പ്രകാരം രജീഷിനെയും മനോരാജ് നാരായണനെയും കൂടി പ്രതിചേര്‍ക്കുകയായിരുന്നു.