ആറ്റിങ്ങലിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ ബിജെപിയിൽ നിന്നും രാജിവച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തായ കരവാരത്ത്, പാർട്ടിയിലെ സ്ത്രീകൾക്ക് നേരെയുള്ള സമീപനത്തിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയും ആണ് രാജിവച്ചത്. വൈസ് പ്രസിഡന്റ് എസ്.സിന്ധു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.തങ്കമണി എന്നിവരാണ് ബുധനാഴ്ച പഞ്ചായത്തംഗത്വം രാജിവെച്ചത്.
ആകെ 18 വാർഡുകളുള്ള പഞ്ചായത്തിൽ ബിജെപിക്ക് ഒമ്പതും സിപിഐഎമ്മിന് അഞ്ചും കോൺഗ്രസിനും എസ്ഡിപിഐക്കും രണ്ട് വീതവുമാണ് സീറ്റുള്ളത്. ഈ രണ്ട് പഞ്ചായത്തംഗങ്ങളുടെ രാജിയെ തുടർന്ന് ബിജെപിയുടെ അംഗ ബലം ഏഴായി കുറഞ്ഞു. അംഗങ്ങളുടെ രാജി സ്വീകരിച്ചതായും വിവരം വരണാധികാരിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിച്ചതായും പാർട്ടി വിട്ട തങ്ങൾ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.