പിസി ജോർജിനായി വാദിച്ച കർഷക മോർച്ച ജില്ലാ പ്രസിഡൻ്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടി എന്ന് ആക്ഷേപിച്ച കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെതിരെയാണ് നടപടി. സംഘടനാ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനമാണ് ശ്യാം തട്ടയില്‍ നടത്തിയത്. അനില്‍ ആന്റണി ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്നും പാര്‍ട്ടി അണികള്‍ ആഗ്രഹിച്ചിരുന്നത് പി സി ജോർജിനെയായിരുന്നെന്നും ശ്യാം സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു. ‘മറ്റുള്ള മണ്ഡലങ്ങളിലെല്ലാം അവിടുത്തെ ജനങ്ങളുടെയും നേതാക്കളുടെയും അഭിപ്രായങ്ങള്‍ നോക്കിയാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. പത്തനംതിട്ടയില്‍ മാത്രം മോദി നിശ്ചയിച്ചതാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. പിതൃശൂന്യതയാണ് കാണിച്ചത്. നാടിന്റെ ശബ്ദം കേള്‍ക്കാതെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഒരു ലക്ഷംവോട്ട് തികയ്ക്കില്ല’ശ്യാം തട്ടയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് നടപടി.
എന്നാൽ താൻ നേരത്തെ സ്വയം ഒഴിഞ്ഞതാണെന്നും ഇപ്പോൾ പുറത്താക്കേണ്ട ആവശ്യമില്ലെന്നും ശ്യാം തട്ടയിൽ പഴയ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ച് അറിയിച്ചു.