ന്യൂഡൽഹി: ബില്‍ക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി. പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി വിധിയോടെ 11 പ്രതികളും വീണ്ടും ജയിലിലേയ്ക്ക് മടങ്ങും. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും നൽകിയ ഹർജികളിലാണു കോടതി വിധി പറഞ്ഞത്. ശിക്ഷാ ഇളവു നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതടക്കമുള്ള വിഷയങ്ങൾ കോടതി പരിഗണിച്ചു. ബിൽക്കീസ് ബാനു നൽകിയ ഹർജി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
എന്താണ് ബില്‍ക്കിസ് ബാനു കേസ്
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോയെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്തു. കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ബിൽക്കിസ് ബാനു 5 മാസം ഗർഭിണിയായിരിക്കെയാണ് കലാപകാരികളിൽ നിന്ന് രക്ഷപ്പെടാൻ ബന്ധുക്കളോടൊപ്പം ഒളിച്ചു താമസിച്ചത്. 2002 മാർച്ച് 3ന് അക്രമികൾ ഇവരെ കണ്ടെത്തുകയും 7 പേരെ കൊലപ്പെടുത്തുകയും ബിൽക്കിസ് ബാനുവിനെ പീഡിപ്പിക്കുകയും ചെയ്തു. മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബാനുവിനെ 3 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.
മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് ഇവരെ ശിക്ഷിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു. തുടർന്ന് പഞ്ചമഹൽസ് കലക്ടർ സുജാൽ മായാത്രയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തത്. ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനൽകി വിട്ടയച്ചത്.
Read Also: 08.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ