കോട്ടയം: നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതി മരിച്ചു. കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിലാണ് അപകടം നടന്നത്. വില്ലൂന്നി സ്വദേശി നിത്യ (20) ആണ് മരിച്ചത്.(Bike accident in kottayam; young woman died)
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. ജിമ്മിൽനിന്നും വീട്ടിലേക്ക് ബൈക്ക് ഓടിച്ചു വരികയായിരുന്നു നിത്യ. ഈ സമയത്ത് ബുള്ളറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ നിത്യയെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.