തൊടുപുഴ: തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ. ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയാണ് (45) അറസ്റ്റിലായത്. കേസിലെ അഞ്ചാം പ്രതിയാണ് സീന.
നേരത്തെ ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയെങ്കിലും ഇവർ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇന്നലെ തൊടുപുഴ പൊലീസിന്റെ മുന്‍പില്‍ ഹാജരായി. തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികള്‍ മരണമുറപ്പിക്കാനായി ബിജുവിന്റെ മൃതദേഹവുമായി ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് സീനയാണ്. തുടർന്ന് വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കേസില്‍ ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമായ പ്രവിത്താനം സ്വദേശി എബിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.









