ലോകേഷ് കനകരാജിന്റെ ചിത്രങ്ങളുടെ പുതിയ വിവരങ്ങളെ പറ്റി അറിയാൻ സദാ ആകാംക്ഷയിലാണ് ആരാധകർ. എൽസിയു എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അപ്‌ഡേറ്റുകൾ വലിയ രീതിയിലാണ് ആരാധകർ ആഘോഷിക്കാറുള്ളത്. ഇപ്പോഴിതാ എൽസിയു ചിത്രങ്ങളുടെ പുതിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ നരേൻ. മീരാ ജാസ്മിൻ- നരേൻ കോംബോ വീണ്ടും ഒന്നിക്കുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിന്റെ വാർത്താസമ്മേളനത്തിലാണ് നരേൻ സൂചന നൽകിയത്.
ലോകേഷ് കനകരാജും താനും ചേർന്ന് പത്ത് മിനിട്ടുള്ള ഒരു ഹ്രസ്വചിത്രം ചെയ്തെന്നും ഇതിന് എൽ.സി.യുവുമായി ബന്ധമുണ്ടെന്നുമാണ് നരേൻ പറഞ്ഞത്. ഹിറ്റ് ചിത്രം കൈതിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘‘ഉറപ്പായിട്ടും കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകും. എൽസിയുവിൽ അടുത്തതായി അതാണ് വരുന്നത്. അതിനിടയിൽ ഒരു സംഭവം ഉണ്ട്, അത് പുറത്തു പറഞ്ഞിട്ടില്ല. ഞാൻ ഒരു ഷോർട് ഫിലിം ചെയ്തു. ലോകേഷും ഞാനും കൂടി ചേർന്നാണത് ചെയ്തിരിക്കുന്നത്. ഒരു 10 മിനിറ്റ് ഷോർട്ട് ഫിലിം ആണ്. അതിന് എൽ.സി.യുവുമായി ബന്ധമുണ്ട്. അതാണ് എൽ.സി.യുവിന്റെ തുടക്കം. അതിപ്പോൾ അധികം താമസിയാതെ വരും.’’ എന്ന് നരേൻ പ്രതികരിച്ചു.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഇതുവരെ വന്ന ചിത്രങ്ങൾ കൈതി, വിക്രം, ലിയോ എന്നിവയാണ്. കൈതിയിൽ ഇൻസ്പെക്ടർ ബിജോയ് എന്ന കഥാപാത്രമായാണ് വിക്രമിലും നരേൻ എത്തിയത്. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കൈതിയുടെ രണ്ടാം ഭാഗം ഉടൻ എത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം 15 വർഷങ്ങൾക്ക് ശേഷം നരേൻ- മീരാ ജാസ്മിൻ ജോഡി ഒന്നിച്ചഭിനയിക്കുന്ന ക്വീൻ എലിസബത്ത് ഡിസംബർ 29 മുതൽ തീയറ്ററുകളിലെത്തും.
Read Also:സൂപ്പർസ്റ്റാറിന് 73ാം പിറന്നാൾ : സമൂഹ മാധ്യമങ്ങളിൽ തരംഗമാക്കുന്നത് രജനിയുടെ പ്രണയകഥ