100 വന്ദേഭാരത് എക്സ്പ്രസ് അടക്കം 772 ട്രെയിൻ സർവീസുകൾ ഇന്ത്യയിൽ ആരംഭിച്ചെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ കണ്ട മാറ്റമാണിത്. 2019-2020 നും 2023-2024 നും ഇടയിൽ 772 ട്രെയിൻ സർവീസുകൾ ആരംഭിച്ചു. ഇവയിൽ 100 വന്ദേഭാരത് സർവീസുകളും ഉൾപ്പെടും’- അശ്വനി വൈഷ്ണവ് അറിയിച്ചു. (Big changes are coming in Indian Railways)
‘വിവിധ വിഭാഗങ്ങളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ഇന്ത്യൻ റെയിൽവേ വിവിധ തരത്തിലുള്ള സേവനങ്ങൾ അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. പാസഞ്ചർ,മെമു, ഡെമു ട്രെയിനുകൾ, എക്സ്പ്രസ് ട്രെയിനുകൾ, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ, സബർബൻ സർവീസുകൾ എന്നിവ ആരംഭിച്ചിട്ടുണ്ട്. ബിജെപി എംപി നീരജ് ശേഖറിന്റെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്നത്തെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പുതിയ കോച്ച് ഒരുക്കുന്ന ജോലിയിലാണ് ഇന്ത്യൻ റെയിൽവെ. ഈ പുതിയ കോച്ചുകൾ ആത്മനിർഭർ ഭാരതിന്റെ സാക്ഷ്യമാകും. 1950കളിലെ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള പഴയ ഐസിഎഫ് കോച്ചുകളെല്ലാം മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.’- അശ്വനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
700 മുതൽ 1000 കിലോമീറ്റർ വരെ നീളുന്ന ദീർഘദൂര യാത്രകൾക്കായി വന്ദേ സ്ലീപ്പർ ട്രെയിൻ രൂപകൽപന ചെയ്തിട്ടുണ്ടെന്നും ആദ്യ ട്രെയിൻ നിർമ്മിച്ച് ഇപ്പോൾ പരീക്ഷണം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.