പാലക്കാട്: വലിയ വലിയ വാഗ്ദാനങ്ങളുമായി നിർമിക്കപ്പെട്ട, കാലം കടന്നു പോകവേ വിസ്മൃതിയിൽ ആയ ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ ഇനി ഓർമ മാത്രമാകുന്നു.
ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുണ്ടായിരുന്ന റെയിൽവേ സ്റ്റേഷന്റെ കോൺക്രീറ്റ് കെട്ടിയം പൊളിച്ചു നീക്കി. വെള്ളിയാഴ്ച മുതലാണ് കെട്ടിടം പൊളിച്ചു നീക്കുന്ന ജോലികൾ തുടങ്ങിയത്.
1986ൽ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന കെആർ നാരായണന്റെ കാലത്താണ് ഭാരതപ്പുഴ നദിയുടെ പേരിലുള്ള റെയിൽവെ സ്റ്റേഷൻ അനുവദിച്ചത്.
ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുവശത്തായി പണിത ഭാരതപ്പുഴ റെയിൽ പെസ്റ്റേഷൻ പാസഞ്ചർ ട്രെയിനുകൾക്കുള്ള ഹാൾട്ട് സ്റ്റേഷനായിരുന്നു.
പിന്നീട് സാമ്പത്തിക ലാഭമില്ലെന്നും യാത്രക്കാരുടെ അഭാവവും ചൂണ്ടിക്കാട്ടി റെയിൽവേ അധികൃതർ അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. സ്റ്റേഷൻ കെട്ടിടം അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി.
ഷൊർണൂർ ഈസ്റ്റ് എന്ന് പുനർനാമകരണം ചെയ്തോ, ഷൊർണൂർ വഴി പോകുന്ന തിരഞ്ഞെടുത്ത ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചോ ഇത് പുനരുജ്ജീവിപ്പിക്കണമെന്ന് പ്രദേശവാസികൾ കാലങ്ങളോളം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അതൊന്നും ഒരിക്കൽ പോലും പരിഗണിക്കപ്പെട്ടില്ലന്ന് മാത്രമല്ല ഷൊർണൂരുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ അഭാവവും ഈ സ്റ്റേഷന്റെ തകർച്ച വേഗത്തിലാക്കി.
നിലവിൽ ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു പുതിയ റെയിൽവേ പാലത്തിനായുള്ള പദ്ധതിയ്ക്കു വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷൻ കെട്ടിടം പൂർണമായി പൊളിച്ചു നീക്കുന്നതെന്ന് അധികൃതർ പറയുന്നു.
പാലക്കാട് ഭാഗത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു പോകുന്ന ട്രെയിനുകൾക്ക് സുഗമമായ റെയിൽ കണക്ടിവിറ്റി ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്.
ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് ഓർമകളിലേക്ക് മടങ്ങുന്നത്. സാധ്യതകൾ തിരിച്ചറിയപ്പെടാതെ പോയ ഒരു ഗതാഗത കേന്ദ്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് പൊളിഞ്ഞു വീഴുന്ന ഈ കെട്ടിടം.