25000 രൂപ നിക്ഷേപിച്ചാൽ ആറു മാസത്തിനകം 10 കോടി രൂപ കിട്ടും; തട്ടിപ്പിന് ഇരയായത് നിരവധി പേർ
കൊച്ചി: ഇറിഡിയം ഇടപാടിന്റെ പേരിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ 250ലധികം പേരിൽ നിന്ന് പണം തട്ടിയെടുത്ത ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റ്, എറണാകുളത്തും വ്യാപകമായി കബളിപ്പിച്ചതായി കണ്ടെത്തി.
ജില്ലയിൽ മാത്രം 190ലധികം പേരാണ് തട്ടിപ്പിന് ഇരയായത്. 20 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പലർക്കും നഷ്ടമായിട്ടുണ്ട്.
23 ലക്ഷം രൂപ നഷ്ടപ്പെട്ട എറണാകുളം സ്വദേശിയുടെ പരാതിയിൽ വ്യാഴാഴ്ച കൊച്ചി സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇതോടെ ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 23 ആയി. ട്രസ്റ്റിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ സ്വദേശിയായ സജി ഔസേപ്പ്, ചെന്നൈ സ്വദേശി നടാഷ, അഹമ്മദ് ഷാ എന്നിവരാണ് രണ്ടുമുതൽ നാലുവരെയുള്ള പ്രതികൾ.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. നാണക്കേടും സാമൂഹിക പ്രതിസന്ധിയും ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാകാത്ത സാഹചര്യവുമുണ്ട്.
2022-ൽ സുഹൃത്ത് വഴിയാണ് പരാതിക്കാരി ട്രസ്റ്റിൽ അംഗത്വമെടുത്തത്. ആർ.ബി.ഐ അംഗീകൃത സ്ഥാപനമാണെന്നും 25,000 രൂപ അംഗത്വ ഫീസ് അടച്ചാൽ മൂന്ന് മുതൽ ആറുമാസത്തിനകം 10 കോടി രൂപ ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
കോട്ടയത്ത് സംഘടിപ്പിച്ച ക്ലാസുകളിൽ പങ്കെടുപ്പിച്ചാണ് വിശ്വാസ്യത നേടിയത്. ആർ.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലരെ വേദിയിലെത്തിച്ചതോടെയാണ് പലരും തട്ടിപ്പാണെന്ന സംശയം മാറ്റിയത്. തുടർന്ന് പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റുകയായിരുന്നു.
തട്ടിപ്പിൽ പൊലീസ് ഉദ്യോഗസ്ഥരും ഇരയായിട്ടുണ്ട്. റിസർവ് പൊലീസിന്റെ ചുമതലയുള്ള ഒരു ഡിവൈ.എസ്.പി.യിൽ നിന്ന് 25 ലക്ഷം രൂപയും വനിതാ എസ്.ഐയുടെ ഭർത്താവിൽ നിന്ന് 10 ലക്ഷം രൂപയും സംഘം തട്ടിയെടുത്തു.
സജി ഔസേപ്പാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്നാണ് പൊലീസ് നിഗമനം. പരിചയക്കാരെയും ബന്ധുക്കളെയും സ്വാധീനിച്ചാണ് ഇയാൾ ആളുകളെ കുടുക്കിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഐ.എസ്.ആർ.ഒയിൽ നിന്ന് ഇറിഡിയം വാങ്ങി നൽകാമെന്നും അതുവിൽപ്പന നടത്തി കോടികൾ സമ്പാദിക്കാമെന്നും വാഗ്ദാനം നൽകി കഴിഞ്ഞ ഡിസംബറിൽ ഹരിപ്പാട് വെട്ടുവേനി സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തതോടെയാണ് തട്ടിപ്പിന്റെ കള്ളക്കളി പുറത്തായത്.
ആദ്യം ആർ.ബി.ഐ ചാരിറ്റി ഫണ്ടെന്ന പേരിലും പിന്നീട് റൈസ് പുള്ളർ ഇടപാടെന്ന പേരിലുമായിരുന്നു വാഗ്ദാനം. ഒടുവിലാണ് ഇറിഡിയം ഇടപാടിലേക്ക് സംഘം മാറിയത്.
കേന്ദ്രസർക്കാർ ഇറിഡിയം ഇടപാട് നേരത്തെ നിരോധിച്ചിരുന്നുവെന്നും പിന്നീട് വീണ്ടും അനുമതി നൽകിയെന്നുമായിരുന്നു സംഘത്തിന്റെ വാദം.
ഇതുവഴി സമ്പത്ത് കുമിഞ്ഞുകൂടുമെന്ന വിശ്വാസത്തിലാണ് നിരവധി പേർ പണം കൈമാറിയത്. പിന്നീട് പണമോ ലാഭവിഹിതമോ ലഭിക്കാതായതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.
English Summary:
Beyond Charitable Trust has allegedly cheated more than 190 people in Ernakulam and over 250 victims in Alappuzha and Kottayam districts by promising massive returns through fake iridium investment schemes. Victims lost amounts ranging from ₹20 lakh to ₹1 crore. Police have registered 23 cases so far, and investigations reveal that even police officers were among those cheated.
beyond-charitable-trust-iridium-scam-ernakulam
Iridium Scam, Beyond Charitable Trust, Ernakulam News, Financial Fraud, Kerala Scam, Police Case, Investment Fraud









