ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിന് പകരക്കാരനായി മുന്‍ ന്യൂസിലന്‍ഡ് നായകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ദ്രാവിഡിന്റെ പിൻഗാമിയായി സ്റ്റീഫൻ ഫ്ലെമിംഗിനെ നിയമിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. നിലവില്‍ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലകനാണ് ഫ്ലെമിംഗ്. 2027 ഡിസംബർ 31വരെ മൂന്നരവർഷത്തേക്കായിരിക്കും നിയമനം.
ടി 20 ലോകകപ്പിന് ശേഷമാണ് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയുക. പകരക്കാരനുവേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. മെയ് 27 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഇന്ത്യയുടെ താൽക്കാലിക പരിശീലകനായി പ്രവർത്തിക്കുന്ന വി.വി.എസ് ലക്ഷ്മൺ, മുൻനായകനും ബിസിസിഐ മുൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി, ഓസ്ട്രേലിയൻ കോച്ചുമാരായ റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ, ഗുജറാത്ത് ടൈറ്റൻസ് കോച്ച് ആശിഷ് നെഹ്റ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉപദേഷ്ടാവ് ഗൗതം ഗംഭീർ തുടങ്ങിയ പേരുകളെല്ലാം വന്നെങ്കിലും സ്റ്റീഫൻ ഫ്ലെമിംഗിനെ ദ്രാവിഡിന്‍റെ പിൻഗാമിയായി നിയമിക്കാനാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിനിടെ ഫ്ലെമിംഗുമായി ബിസിസിഐ പ്രതിനിധികൾ പ്രാഥമിക ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
2009 മുതൽ ചെന്നൈ സൂപ്പർ കിങ്സിനെ പരിശീലിപ്പിക്കുന്ന ഫ്ലെമിംഗ്, ബിഗ്ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസ്, ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ ജോഹ്‌നാസ്ബർഗ് സൂപ്പർ കിംഗ്സ്, മേജർ ലീഗ് ക്രിക്കറ്റിൽ ടെക്സാസ് സൂപ്പർ കിംഗ്സ്, ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗിൽ സതേൺ ബ്രേവ് ടീമുകളുടെയും മുഖ്യപരിശീലകനാണ് സ്റ്റീഫൻ ഫ്ലെമിംഗ്.
Read Also: കോടികളുടെ സ്വര്‍ണം, ഡയമണ്ട്, ലക്ഷ്വറി കാറുകള്‍; കങ്കണ റണൗത്തിന്‍റെ ആസ്തി വിവരങ്ങള്‍ പുറത്ത്
Read Also: കൂടിയും കുറഞ്ഞും സ്വര്‍ണ്ണവില; ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില ഇങ്ങനെ