ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും
ന്യൂഡൽഹി ∙ ചീഫ് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടന്ന രണ്ടാം ഘട്ട അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെ, 27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) പ്രഖ്യാപിച്ചു.
ഇതോടെ റിപ്പബ്ലിക് ദിന അവധി, ശനി, ഞായർ എന്നിവ ചേർന്ന് തുടർച്ചയായ നാല് ദിവസത്തേക്ക് ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടാകുന്നത്.
ഇന്നു മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തെ മിക്ക ബാങ്കുകളും അടഞ്ഞുകിടക്കുമെന്ന് യൂണിയനുകൾ അറിയിച്ചു.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്ന ദീർഘകാല ആവശ്യത്തിന് കേന്ദ്ര സർക്കാർ ഇതുവരെ അനുകൂല തീരുമാനമെടുക്കാത്തതാണ് പണിമുടക്കിലേക്ക് നയിച്ചതെന്ന് UFBU വ്യക്തമാക്കി.
രണ്ട് വർഷം മുൻപേ ഈ വിഷയത്തിൽ അനുകൂല ശുപാർശകൾ ഉയർന്നിരുന്നുവെങ്കിലും അത് നടപ്പിലാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നാണ് യൂണിയനുകളുടെ ആരോപണം.
ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ബാങ്കിംഗ് മേഖലയിൽ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് അഞ്ച് പ്രവൃത്തി ദിനങ്ങൾ അനിവാര്യമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ബെഫി (BEFI), എഐബിഇഎ (AIBEA), എഐബിഒസി (AIBOC), എൻസിബിഇ (NCBE) ഉൾപ്പെടെ രാജ്യത്തെ ഒമ്പത് പ്രധാന ബാങ്ക് യൂണിയനുകളാണ് UFBUയുടെ കീഴിൽ പ്രവർത്തിക്കുന്നത്.
വ്യാഴാഴ്ച നടന്ന ആദ്യ യോഗത്തിൽ ധാരണയിലെത്താനാകാതിരുന്നതിനെ തുടർന്നാണ് ഇന്നലെ വീണ്ടും ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ ചർച്ച നടന്നത്.
എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന നിലപാടാണ് ധനമന്ത്രാലയം സ്വീകരിച്ചതെന്ന് യൂണിയനുകൾ അറിയിച്ചു.
ചർച്ചയിൽ വ്യക്തമായ ഉറപ്പ് ലഭിക്കാതായതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ UFBU തീരുമാനിച്ചത്. പണിമുടക്ക് നടപ്പായാൽ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളുടെ വലിയൊരു വിഭാഗവും പ്രവർത്തനരഹിതമാകും.
ചെക്ക് ക്ലിയറൻസ്, പണം പിൻവലിക്കൽ, നിക്ഷേപ സേവനങ്ങൾ, വായ്പ സംബന്ധമായ ഇടപാടുകൾ എന്നിവയെല്ലാം കാര്യമായി ബാധിക്കപ്പെടും.
ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഭാഗികമായി മാത്രമേ ലഭ്യമാകൂവെന്നും ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും യൂണിയനുകൾ അറിയിച്ചു.
ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് UFBUയുടെ ആവശ്യം.
പ്രശ്നം പരിഹരിക്കപ്പെടാത്ത പക്ഷം ഭാവിയിൽ കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും യൂണിയനുകൾ നൽകി.









