ലഖ്നൗ: സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥ ജോലിക്കിടെ കസേരയില്‍ നിന്ന് വീണ് മരിച്ചു. ലഖ്നൗവിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഗോമതി നഗറിലെ വിബൂതി ഖണ്ഡ് ബ്രാഞ്ചിലെ ജീവനക്കാരിയായ സദഫ് ഫാത്തിമയാണ് മരിച്ചത്. ജോലി സമ്മര്‍ദമാണ് സദഫിന്റെ മരണത്തിനിടയാക്കിയതെന്ന് സഹപ്രവര്‍ത്തകർ ആരോപിച്ചു.(Bank officer dies after falling from chair at work; Allegedly due to work pressure)
സദഫ് ഫാത്തിമയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാങ്കില്‍ അഡീഷണല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായിരുന്നു സദഫ് ഫാത്തിമ. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് സമാജ് വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. സര്‍ക്കാര്‍ തലം മുതല്‍ സ്വകാര്യ ജോലികള്‍ വരെ എല്ലായിടത്തും ജോലി സമ്മര്‍ദം ഒരുപോലെയാണെന്നും ജീവനക്കാരെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിക്കുന്നതായും അഖിലേഷ് യാദവ് ആരോപിച്ചു.
”തൊഴിലുള്ളവരുടെ അവസ്ഥ അടിമത്തൊഴിലാളികളേക്കാള്‍ മോശമായിരിക്കുന്നു, അവര്‍ക്ക് സംസാരിക്കാന്‍ പോലും അവകാശമില്ല. സര്‍ക്കാര്‍ അടിസ്ഥാനമില്ലാത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കുകയല്ല, പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും” അഖിലേഷ് യാദവ് എക്സ് പോസ്റ്റില്‍ കുറിച്ചു.