വയനാട്: ഉരുൾപൊട്ടൽ നടന്ന മുണ്ടക്കൈ ഭാഗത്തേക്ക് നിർമിക്കുന്ന ബെയ്‌ലി പാലം നാടിന് സമർപ്പിക്കുമെന്ന് സൈന്യം. രക്ഷാപ്രവർത്തനത്തിനായി കഴിഞ്ഞ ദിവസമാണ് കരസേന താത്കാലിക പാലം നിർമിക്കാൻ തുടങ്ങിയത്. മുണ്ടക്കൈലേക്കുള്ള പാലം തകർന്നത് മൂലം രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിച്ചിരുന്നു.(Bailey Bridge will not be demolished until a permanent bridge is built)
സർക്കാർ സ്ഥിരം പാലം നിർമിക്കുന്നത് വരെ ബെയ്‌ലി പാലം നാടിനെന്ന് മേജർ ജനറൽ വിനോദ് മാത്യു അറിയിച്ചു. മൃതദേഹങ്ങൾ മറുകരയിലെത്തിക്കാൻ താൽക്കാലിക നടപ്പാലവും ഇവിടെ നിർമ്മിച്ചിരുന്നു. ഇന്നലെ ആരംഭിച്ച പാലത്തിന്റെ പണി ഇന്ന് ഉച്ചയോടെ പൂർത്തിയാകുമെന്നാണ് സേന മേധാവി അറിയിച്ചിരിക്കുന്നത്.
മുണ്ടക്കൈ, ചുരല്‍മല ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് ബെയ്‌ലി പാലം. 24 ടണ്‍ ഭാരം വരെ ഈ പാലത്തിന് താങ്ങാനാകും. ഇരു കരകളിലേക്കുമായി 190 അടി നീളമുള്ള പാലമാണ് നിര്‍മ്മിക്കുന്നത്. പാലം നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ ഡല്‍ഹിയില്‍ നിന്നും ബംഗലൂരുവില്‍ നിന്നുമാണെത്തിച്ചത്. വിമാനമാര്‍ഗം കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിച്ചശേഷം, അവിടെ നിന്നും 17 ട്രക്കുകളിലായാണ് വയനാട്ടിലെ ദുരന്തസ്ഥലത്തെത്തിച്ചത്.