കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന്റെ പേരിൽ വിവാദത്തിൽ ആയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ മൊബൈൽ ഫോണിലേക്ക് മോശം സന്ദേശം അയച്ച യുവാവിനെ പിടികൂടി. എറണാകുളം സ്വദേശി ശ്രീജിത്ത് ആണ് സൈബർ പോലീസിന്റെ പിടിയിലായത്. നവമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതായി ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ മറ്റൊരു പരാതി പോലീസ് അന്വേഷണത്തിലാണ്. കഴിഞ്ഞദിവസം നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി ഉണ്ടായ തർക്കത്തിന്റെ പേരിൽ അതിശക്തമായ സൈബർ ആക്രമണമാണ് ആര്യ നേരിട്ടത്. ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കും നിരവധി സന്ദേശങ്ങൾ എത്തുന്നതായി ആര്യ പരാതി നൽകിയിരുന്നു. അതേസമയം തന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന് പരാതി നൽകിയിട്ടും കേസെടുക്കാത്ത പോലീസിനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന ഡ്രൈവർ യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.