തിരുവനന്തപുരം: ബി.എഡ് കോഴ്സ് ഇനി മൂന്നുതരത്തിൽ. പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം, ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ നേടിയവർക്ക് ഒരുവർഷം എന്നിങ്ങനെയാവും ബി.എഡ് കോഴ്സിന്റെ ദൈർഘ്യം.
വെറും ബി.എഡ് കോളേജുകളായി ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ കഴിയില്ല. ആർട്സ് ആൻഡ് സയൻസ് കോളേജുകൾപോലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന കോളേജുകളിലായിരിക്കും ബി.എഡ് കോഴ്സ് നടത്തുക.
ഒരേസമയം, ഡിഗ്രിയും ബി.എഡും നേടാം എന്നതാണ് പ്രത്യേക ത. ഉപരിപഠനം ഡിഗ്രി വിഷയത്തിലോ എം.എഡിനോ ആകാം. എന്നാൽ ബി.എഡിന് പ്രവേശനപരീക്ഷയുണ്ടാവും. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ) പ്രസിദ്ധീകരിച്ച കരടുനയത്തിലാണ് ഇത്തരം പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
മേയിൽ അന്തിമനയം വിജ്ഞാപനം ചെയ്യുന്നതോടെ കേരളത്തിലടക്കം ഇവ നടപ്പാക്കേണ്ടിവരും. എന്നാൽനിലവിലെ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇപ്പോഴുള്ള രണ്ടുവർഷ ബി.എഡ് തുടരാം.
2028നകം ഇവ മൾട്ടിഡിസിപ്ലിനറിയായി മാറണം. ഇതിൽ ദേശീയസിലബസിൽ 30% മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടാവും.
പത്തുവർഷം മുൻപ് നിറുത്തലാക്കിയ ഒരുവർഷ എം.എഡ് (ഫുൾടൈം) ഇതോടെ പുനഃസ്ഥാപിക്കും. രണ്ട് സെമസ്റ്ററുകളിലായി 40 ക്രെഡിറ്റുകളാവും കോഴ്സിൽ ഉണ്ടാവുക. രണ്ടുവർഷം ദൈർഘ്യമുള്ള പാർട്ട് ടൈം എം.എഡുമുണ്ടാവും.
നിലവിലെ അദ്ധ്യാപകർക്കായിരിക്കും ഇതിൽ പ്രവേശനം. മാസത്തിൽ 20ദിവസമായിരിക്കും ക്ലാസ്. നിലവിൽ എം.എഡ് കോഴ്സ് രണ്ടുവർഷമാണ്.
നാലുവർഷ കോഴ്സിന് ഇന്റഗ്രേറ്റഡ് ടീച്ചർഎഡ്യൂക്കേഷൻ പ്രോഗ്രാം എന്നാണ് പേര് നൽകിയിരിക്കുന്നത്. ബി.എ, ബിഎസ്‌സി, ബികോം പഠനം ഇതിന്റെ ഭാഗമാണ്.
ഇതിൽ ഏതു വിഷയം വേണമെങ്കിലും തിരഞ്ഞെടുക്കാം. മൂന്നുവർഷം കഴിഞ്ഞ് ബി.എഡ് വേണ്ടെങ്കിൽ ബിരുദംനേടി പഠനമവസാനിപ്പിക്കാനാവും.
നാലു വർഷ പഠനം പൂർത്തിയാക്കിയാൽ, ഡിഗ്രി വിഷയത്തിലോ വിദ്യാഭ്യാസത്തിലോ ഉപരിപഠനം നടത്താം. ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്കൃതം, യോഗ എന്നിവയിലും ഡ്യുവൽമേജർ കോഴ്സുകളുണ്ടാവും.
രണ്ടിലേത് വിഷയത്തിലും പി.ജിയെടുക്കാം. സിലബസിലുംഓപ്ഷൻമൂന്നുതലത്തിലുള്ള ബി.എഡിനും തൊഴിൽ മേഖല തരംതിരിച്ചാണ് സിലബസ് നിശ്ചയിച്ചിരിക്കുന്നത്.
എൽ.കെ.ജി മുതൽ രണ്ടാംക്ലാസ് വരെ അദ്ധ്യാപകരാവാൻ ഫൗണ്ടേഷൻ, മൂന്നുമുതൽ അഞ്ചുവരെ ക്ലാസുകൾക്ക് പ്രിപ്പറേറ്ററി, ആറുമുതൽ എട്ടുവരെ ക്ലാസുകൾക്ക് മിഡിൽ, ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസുകൾക്ക് സെക്കൻഡറി എന്നിങ്ങനെ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.
നാലുവർഷ ബി.എഡിന് കോഴിക്കോട് എൻ.ഐ.ടിയിൽ ഒന്നേകാൽലക്ഷവും കാസർകോട് കേന്ദ്രസർവകലാശാലയിൽ മുക്കാൽലക്ഷവുമാണ് ഫീസ്.