സെബാസ്റ്റ്യൻ സീരിയൽ കില്ലറോ? അന്വേഷണം പുരോഗമിക്കുന്നു
ആലപ്പുഴ: ആലപ്പുഴയിലെ ചേർത്തല വാരനാട് സ്വദേശിനി ഐഷയുടെ തിരോധാനത്തിലും ജൈനമ്മ കൊലക്കേസിലെ പ്രതിയായ സെബാസ്റ്റ്യന് പങ്കുണ്ടോ എന്ന് സംശയം. പള്ളിപ്പുറത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൾ ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയുടേതല്ലെങ്കിൽ, ഐഷയുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനുമായി ചേർത്തലയിൽ തെളിവെടുപ്പ് നടത്തി.
ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭൻ, ഐഷ, ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മ എന്നിവരുടെ തിരോധാന കേസുകളിൽ ഒരു ഏകീകൃത അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ബിന്ദു പത്മനാഭനെയും ജൈനമ്മയെയും കാണാതായതിന് പുറമെയാണ് ഐഷയുടെ തിരോധാനത്തിലും സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന സംശയം ഉയർന്നത്.
ഐഷയും സെബാസ്റ്റ്യനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് ഐഷയുടെ അയൽവാസിയും സുഹൃത്തുമായ റോസമ്മ മാധ്യമങ്ങളോട് പറഞ്ഞു. 2012 മുതൽ ഐഷയെ കാണാതായിട്ട് വർഷങ്ങളായി. സെബാസ്റ്റ്യനുമായി അവർക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും, ഐഷയുടെ തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് ഉറപ്പുവരുത്താൻ സാധിച്ചിരുന്നില്ല. ബിന്ദു പത്മനാഭനെ കാണാതായ കേസിലും സെബാസ്റ്റ്യൻ പോലീസ് അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ഈ മൂന്ന് കേസുകളിലും സമഗ്രമായ അന്വേഷണം വേണമെന്നാണ് ബിന്ദു തിരോധാന കേസിലെ ആക്ഷൻ കൗൺസിൽ നിലവിൽ ആവശ്യപ്പെടുന്നത്.
ജൈനമ്മയുടെ തിരോധാനക്കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സെബാസ്റ്റ്യനെ ചേർത്തലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. സ്വർണ്ണം വിറ്റ കടയിലും പണയം വെച്ച ധനകാര്യ സ്ഥാപനത്തിലുമായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഈ ആഭരണങ്ങൾ ജൈനമ്മയുടേത് തന്നെയാണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലും തെളിവെടുപ്പ് നടത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഈ മൂന്ന് സ്ത്രീകളുടെയും തിരോധാന കേസുകളിൽ വലിയ ദുരൂഹതകളാണ് ഇപ്പോഴും നിലനിൽക്കുന്നത്.
ചേർത്തലയിൽ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി
ചേർത്തല: പള്ളിപുറത്ത് വീട്ടുവളപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. രണ്ടു സ്ത്രീകളെ കാണാതായ കേസുകളിൽ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ചേർത്തല കടക്കരപ്പള്ളിയിൽ നിന്നും ബിന്ദു പത്മനാഭൻ, കോട്ടയം ഏറ്റുമാനൂരിൽ നിന്നും ജയമ്മ എന്നിവരെയാണ് കാണാതായത്.
ഈ തിരോധാനക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ പ്രധാനപ്രതി സെബാസ്റ്റ്യനു നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു.
ബിന്ദുവിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ പ്രവീൺകുമാർ 2017 സെപ്തംബറിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം നടക്കുന്നത്.
കേസിൽ ആദ്യം പട്ടണക്കാട് പോലീസും കുത്തിയതോട് സിഐയും തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി എ. നസീമും അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ സെബാസ്റ്റ്യനുമായി കാണാതായ ബിന്ദു 2003 മുതൽ അടുത്ത ബന്ധം പുലർത്തിയിരുന്നതായും പലതവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വന്നിട്ടുള്ളതായും പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ മൊഴി ലഭിച്ചിരുന്നു.
കൂടാതെ ബിന്ദുവിന്റെ പേരിൽ ഇടപ്പള്ളിയിലെ ഭൂമി വ്യാജപ്രമാണമുണ്ടാക്കി കൈമാറ്റം നടത്തിയ കേസിലും സെബാസ്റ്റ്യൻ പ്രതിയായിരുന്നു.
ബിന്ദുവിന്റെ മാതാപിതാക്കളുടെ മരണശേഷം ഏറ്റവും കൂടുതൽ ഇടപഴകിയിട്ടുള്ളത് സെബാസ്റ്റ്യൻ മാത്രമായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഡിസംബർ 23നാണ് ജയമ്മയെ കാണാതായത്. ഏറ്റവും ഒടുവിൽ ജയമ്മയുടെ ഫോൺ ഓണായത് ചേർത്തല പള്ളിപ്പുറത്താണ് എന്ന കണ്ടെത്തിയിരുന്നു. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
Chertala native Ayesha’s disappearance may be linked to Jainamma’s murder case. If skeletal remains are not Jainamma’s, Ayesha’s relatives’ DNA will be tested, says investigation team.