നാട്ടുകാരുടെ ഊർജ്ജിതമായി ശ്രമം ഫലം കണ്ടു. അവന്തികയ്ക്ക് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ച പുത്തൻ സൈക്കിൾ മോഷ്ടിച്ചയാൾ പിടിയിലായി. സംഭവത്തിൽ നാട്ടുകാരുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായി വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ ആലപ്പുഴ ആറാട്ടുവഴി പി.എച്ച്. വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ഷാജിയാണ് പിടിയിലായത്. (Avantika gets her bicycle back for the second time)
മോഷണംപോയ ആദ്യ സൈക്കിൾ കണ്ടുപിടിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഇ-മെയിൽ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് കഴിഞ്ഞ പ്രവേശനോത്സവദിനത്തിൽ സമ്മാനിച്ച പുത്തൻ സൈക്കിൾ ആണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
മഴക്കോട്ട് ധരിച്ചെത്തിയ കള്ളനാണ് താഴുതകർത്ത് സൈക്കിളുമായി കടന്നതെന്ന് സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് വ്യക്തമായിരുന്നു. ദൃശ്യങ്ങൾ പാലാരിവട്ടത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൈമാറി. അവന്തികയും പിതാവ് ഗിരീഷും പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നൽകി.
പൊലീസ് അന്വേഷണം ഒരുവശത്ത് പുരോഗമിക്കെ, കള്ളനെ പിടികൂടാൻ നാട്ടുകാരും രംഗത്തിറങ്ങി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവ് രാത്രി വട്ടത്തിപ്പാലം ഭാഗത്ത് സ്വന്തം സൈക്കിളിൽ എത്തുന്നതും അത് അവിടെ ഒതുക്കിവച്ചശേഷം നടന്നുനീങ്ങുന്നതും കണ്ടെത്തി. അവന്തികയുടെ വീട്ടിൽ നിന്ന് അഞ്ഞൂറു മീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം.
ഈ സൈക്കിൾ തിരിച്ചെടുക്കാൻ കള്ളൻ എത്തുന്നതുംകാത്ത് രണ്ടു കാറുകളിലായി നാട്ടുകാർ നിലയുറപ്പിച്ചു. ശനിയാഴ്ച രാവിലെ ആറുവരെ കാത്തെങ്കിലും കള്ളൻ വന്നില്ല. ഏതാനുംപേർ നിരീക്ഷണം തുടർന്നു. കുറച്ചുകഴിഞ്ഞ് പ്രതി സൈക്കിൾ എടുക്കാനെത്തി. കൈയോടെ പിടികൂടിയ പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി. പൊലീസ് ചോദ്യം ചെയ്തതോടെ മോഷ്ടിച്ച സൈക്കിൾ വിറ്റവിവരം പ്രതിയായ ഷാജി സമ്മതിച്ചു.