പ്രയാഗ് രാജ്: പ്രയാഗ് രാജിലെ മഹാകുംഭമേളയോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചു.
മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായി സുരക്ഷാ ചുമതലയുള്ള പൊലീസ് ഓഫീസര്‍ ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. അപകടത്തിൽ 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ പ്രാദേശിക മാധ്യമങ്ങളില്‍ മരണവുമായി ബന്ധപ്പെട്ട അനവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പാണിത്.
മഹാകുംഭമേളയിലെ വിശേഷദിവസമായ മൗനി അമാവാസി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്താന്‍ എത്തിയ തീര്‍ഥാടകര്‍ തിക്കി തിരക്കിയതോടെയാണ് ദുരന്തം സംഭവിച്ചത്.
സംഭവത്തിന് തൊട്ടുമുമ്പ് തീര്‍ഥാടകര്‍ ബാരിക്കേഡ് ഭേദിച്ച് കടന്നതായി പൊലീസ് പറഞ്ഞു.’ ഞങ്ങള്‍ രണ്ടുബസുകളിലായി 60 പേരാണ് മഹാകുംഭമേളയ്ക്ക് വന്നത്. ഞങ്ങളുടെ ഗ്രൂപ്പില്‍ 9 പേരായിരുന്നു ഉണ്ടായിരുന്നു, പെട്ടെന്ന് പിന്നില്‍ നിന്ന് ശക്തമായ തളളലുണ്ടായി. ഞങ്ങള്‍ കുടുങ്ങി.
കൂട്ടത്തിലുള്ള പലരും തിരക്കില്‍ പെട്ട് നിലത്തുവീണു. വലിയആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല’, കര്‍ണാടകയില്‍ നിന്ന് വന്ന സരോജിനി പിടിഐയോട് പറഞ്ഞു.
ഞങ്ങളെ തള്ളിയ ചിലര്‍ അവിടെ നിന്ന് ചിരിക്കുകയായിരുന്നു. കുട്ടികളോട് കരുണ കാണിക്കണമെന്ന് ഞങ്ങള്‍ അവരോടു കേണപേക്ഷിച്ചു. കുട്ടിക്ക് പരിക്കേറ്റ സ്ത്രീ പ്രാദേശിക ആശുപത്രിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. വന്‍ആള്‍ക്കൂട്ടം തിക്കി തിരക്കാന്‍ തുടങ്ങിയതോടെ എങ്ങോട്ടും പോകാന്‍ ഇടമില്ലാതായെന്നും അവര്‍ കൂട്ടി ചേർത്തു
എന്നാൽ നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് ഡിഐജി കൃഷ്ണ പറഞ്ഞു. തിരക്കിനിടിയില്‍പ്പെട്ട് നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബാരിക്കേഡ് തകര്‍ന്നതാണ് പ്രയാഗ് രാജിലെ അപകടത്തിനു കാരണം. 1920 എന്ന ഹെല്‍പ്ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.