തിരുവനന്തപുരം: കടുത്തചൂടിൽ തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങളുടെ ഭക്ഷണമെനുവിൽ മാറ്റം വരുത്തി അധികൃതർ. ചൂടിൽ നിന്നും രക്ഷനേടാനുള്ള ആഹാരക്രമം ഏർപ്പെടുത്തിയതോടെ മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവിൽ നിന്നും ചിക്കൻ മാറ്റിയിരിക്കുകയാണ്. പകരം ഇവയ്ക്ക് ബീഫ് നൽകും. ഒരുദിവസം 94 കിലോ മാംസമാണ് നോൺവെജ് അന്തേവാസികൾക്കായി വാങ്ങുന്നത്.
മീനിന്റെ അളവും വർധിപ്പിച്ചിട്ടുണ്ട്. 61 കിലോ മീനാണ് ദിവസവും വാങ്ങുന്നത്. സിംഹം, പുലി, കടുവ എന്നിവയ്ക്ക് ഒരു ദിവസം ശരാശരി നാലു കിലോ മാംസം വേണ്ടി വരും. കൂട്ടിലെ ഷവറിനു കീഴിലെ കുളിക്ക് ശേഷമാണ് വിഭവസമൃദ്ധമായ ഭക്ഷണം. പകൽ താപനില കൂടുന്നതിനു അനുസരിച്ച് ശരീര ഊഷ്മാവ് നിലനിർത്താൻ കടുവകൾക്ക് ഇടനേരങ്ങളിൽ ഹോസ് ഉപയോഗിച്ച് വെള്ളമടിച്ചു കൊടുക്കും. ഷവറും കൂടുകളിൽ സ്ഥാപിച്ചിട്ടുണ്ട്. സാധാരണ കടുവയ്ക്ക് ഒരുനേരം മാത്രമാണ് കുളി. എന്നാൽ വേനൽക്കാലത്ത് ഇതു നടക്കില്ല. പാമ്പുകളുടെ കൂടുകളിലെല്ലാം ഫാൻ സജ്ജീകരിച്ചിട്ടുണ്ട്. മ്ലാവിന്റെ കൂട്ടിൽ ചെളിയും വെള്ളവും നിറച്ച കുളവും തയാറാക്കിയിട്ടുണ്ട്.
ഉഷ്ണമകറ്റാൻ കരടികൾക്ക് രാവിലെയും വൈകിട്ടും കഴിക്കാൻ ഐസ് കഷ്ണങ്ങൾ കൂട്ടിൽ വച്ച് കൊടുക്കും. തണ്ണീർമത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച് ഫ്രീസറിൽ വച്ച് കട്ടിയാക്കിയാണ് നൽകുന്നത്. രാവിലെ 9.30നും ഉച്ചയ്ക്ക് ചൂടുകുടുമ്പോഴും ദേഹത്തേക്ക് വെള്ളമടിച്ചു കൊടുക്കും. 10.30നു ആപ്പിൾ, വെള്ളരി, വാഴപ്പഴം, മുന്തിരി എന്നിവയും നൽകും. ഫ്രീസറിൽ വച്ച് തണുപ്പിച്ച തണ്ണീർമത്തനാണ് ഹിമക്കരടിയുടെ രാവിലത്തെ ഭക്ഷണം. ചൂടു കൂടിയതോടെ തണ്ണീർമത്തൻ നൽകുന്നതിലെ അളവും കൂടി. ഒരു ദിവസം 6.5 കിലോയോളം തണ്ണീർമത്തൻ കരടികൾക്കു വേണ്ടിവരും.
പക്ഷികൾക്കു പഴങ്ങൾക്കൊപ്പം കൂടുതൽ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി. കാബേജ്, കാരറ്റ്, പയറുവർഗങ്ങൾ തുടങ്ങിയവയെല്ലാം പക്ഷികളുടെ ഭക്ഷണമെനുവിലുണ്ട്. പപ്പായ, മുന്തിരി, ആപ്പിൾ, ഓറഞ്ച് എന്നിവയെല്ലാം ചേർന്ന ഫ്രൂട്ട് സലാഡും പക്ഷികൾക്കു നൽകുന്നുണ്ട്. പക്ഷികൾക്കായി പ്രത്യേക മിനറൽ മിക്സ്ചറുമുണ്ട്.
1400 തീറ്റപുല്ലാണ് ഒരുദിവസം മൃഗശാലയിൽ വേണ്ടത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് കരാറുകാർ പുല്ലും പ്ലാവിലയും എത്തിക്കുന്നത്. 335 കിലോ കാലിത്തീറ്റയും മൃഗശാലയിൽ ആവശ്യമാണ്. പാൽ, തവിട്, കുവരക്, ഗിനിപ്പുല്ല് എന്നിവയ്ക്കും മൃഗശാലയിൽ ആവശ്യക്കാരുണ്ട്.
കണക്ക് ഒന്ന് നോക്കിയാലോ..
തണ്ണീർമത്തൻ – 34 കിലോ
മുന്തിരി – 10 കിലോ
നേന്ത്രപ്പഴം – 25 കിലോ
ചെറുവാഴപ്പഴം – 12 കിലോ
പൈനാപ്പിൾ – 3 കിലോ
ആപ്പിൾ – 3 കിലോ
ഓറഞ്ച് – 2 കിലോ
പേരയ്ക്ക – 5 കിലോ
പപ്പായ – 11 കിലോ
മാതളം – 2 കിലോ
വെള്ളരി – 9 കിലോ