ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ സിനിമ ആവുകയാണെങ്കിൽ മറ്റാരുമല്ല, മമ്മൂട്ടിതന്നെ ആയിരിക്കും നായകനെന്ന് രചയിതാവ് ടി.ഡി.രാമകൃഷ്ണൻ. മമ്മൂട്ടി അല്ലാതെ മറ്റൊരാളെ ഇട്ടിക്കോരയായി സങ്കൽപ്പിക്കാൻ പോലും ആകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയായിരുന്നു ടി.ഡി.രാമകൃഷ്ണൻറെ ഈ പ്രതികരണം.
‘ഇട്ടിക്കോര സിനിമയാക്കാൻ ബുദ്ധിമുട്ടുള്ള സബ്ജക്ട് ആണെങ്കിലും അത് സിനിമ ആക്കിയാൽ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ അതിൽ നായകനായി സങ്കൽപ്പിക്കാനാവില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരിൽ ഒരാൾകൂടിയാണ് മമ്മൂക്ക. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം അത് വായിച്ചുതീർത്തു. ആ കാലം മുതൽ ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ട്. അതാണ് പിന്നീട് ഭ്രമയുഗത്തിൽ ഒന്നിച്ച് വർക്ക് ചെയ്യുന്നതിലേക്ക് എത്തിച്ചത്’. എന്നാണ് ടി.ഡി രാമകൃഷ്ണൻ പറഞ്ഞത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഭ്രമയുഗം സിനിമയ്ക്ക് സംഭാഷണങ്ങൾ ഒരുക്കിയത് ടി.ഡി രാമകൃഷ്ണൻ ആയിരുന്നു. അതേസമയം, ഫ്രാൻസിസ് ഇട്ടിക്കോര 2009ൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ്. കേരളത്തിലെ കുന്നംകുളത്ത് ജനിച്ച് ഇറ്റലിയിലെ ഫ്‌ലോറൻസിൽ വച്ച് മരിച്ച പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച മലയാളിയായ വ്യാപാരിയായ ഫ്രാൻസിസ് ഇട്ടിക്കോരയുടെയും അയാളുടെ പാരമ്പര്യം പേറുന്ന പതിനെട്ടാം കൂറ്റുകാർ എന്ന വിഭാഗത്തിന്റെയും കഥയാണ് ഈ നോവൽ പറയുന്നത്.