ഒരു വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം
ഇന്ത്യാന: ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അതിക്രൂര കേസിൽ അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് 37 വയസ്സുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യാനാപൊളിസ് സ്വദേശിനിയായ കേന്ദ്ര ലീ പ്രോക്ടർ ആണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ കുറ്റകൃത്യത്തിന് പിടിയിലായത്.
സംഭവത്തിൽ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, കേസ് അമേരിക്കയിലുടനീളം വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ സിനിമ കാണുന്നതിനിടെയാണ് കേന്ദ്രയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. സംശയം തോന്നി മുറിയിൽ ചെന്നപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു.
കേന്ദ്ര കുഞ്ഞിന്റെ മുഖത്തിരുത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ സാക്ഷി ഇടപെട്ട് കേന്ദ്രയെ പിടിച്ചുമാറ്റുകയും കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു.
ഇതിനിടെ, ക്രൂരമായ ആക്രമണം തടയുന്നതിനായി പ്രതിയെ സാക്ഷി മർദ്ദിച്ചതായും പൊലീസ് രേഖപ്പെടുത്തി. പിന്നീട് പൊലീസിനെ വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിനിടെ, കുഞ്ഞിനെ ബലി നൽകാൻ വേണ്ടിയാണ് താൻ ആക്രമണം നടത്തിയതെന്ന് കേന്ദ്ര പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്.
കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ ലൈംഗിക താൽപര്യങ്ങളും സാമ്പത്തിക നേട്ടവും ലക്ഷ്യമിട്ടിരുന്നുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകൾ അന്വേഷണ സംഘത്തെയും ഞെട്ടിച്ചിരിക്കുകയാണ്.
ഇതിനുപുറമെ, വീട്ടിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെയും കേന്ദ്ര ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസിന്റെ ഗൗരവം വർധിപ്പിക്കുന്ന തരത്തിലുള്ള തെളിവുകളാണ് അന്വേഷണത്തിനിടെ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
പ്രതിക്ക് സ്കീസോഫ്രീനിയ എന്ന ഗുരുതരമായ മാനസിക രോഗം ഉണ്ടാകാമെന്ന സംശയവും അന്വേഷണ സംഘം ഉന്നയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ പ്രതി പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്നും പൊലീസ് പറഞ്ഞു.
വധശ്രമം, കുട്ടികളോടുള്ള ലൈംഗിക പീഡനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേന്ദ്ര ലീ പ്രോക്ടറിനെ ജയിലിലടച്ചിരിക്കുന്നത്.
കുറ്റം തെളിയിക്കപ്പെട്ടാൽ 40 വർഷം വരെ തടവും 10,000 ഡോളർ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്.
മെഡിക്കൽ സംഘം സ്ഥലത്തെത്തി കുഞ്ഞിനെ വിശദമായി പരിശോധിച്ചു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കേന്ദ്രയുടെ വിചാരണ ജനുവരി 21ന് നടക്കും.









