ഡൽഹി : ഗംഗയിലെയും, യമുനയിലെയും വെള്ളം കുളിയ്ക്കാൻ യോഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപരമായ ചടങ്ങുകളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രചാരണമെന്ന് യോഗി ആരോപിച്ചു. ഈ വെള്ളം കുളിക്കുന്നതിന് മാത്രമല്ല, ആചാരത്തിന്റെ ഭാഗമായി കുടിയ്ക്കാനും യോഗ്യമാണെന്നും ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞു.
മലിനജലം, മൃഗങ്ങളുടെ അവശിഷ്ടം എന്നിങ്ങനെ പല കാരണങ്ങളാൽ ഇ കോളി ബാക്ടീരിയ വർധിക്കും. എന്നാൽ പ്രയാഗ്‌രാജിലെ ഫെക്കൽ കോളിഫോമിൻ്റെ അളവ് 100 മില്ലിയിൽ 2,500 എംപിഎന്നിൽ താഴെയാണ്. മഹാകുംഭത്തെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് വ്യാജ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
ത്രിവേണിയിൽ വെള്ളത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സംഗമത്തിലും പരിസരത്തുമുള്ള എല്ലാ പൈപ്പുകളും ഡ്രെയിനുകളും ടേപ്പ് ചെയ്ത് ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് വെള്ളം തുറന്നുവിടുന്നത്. യുപി മലിനീകരണ നിയന്ത്രണ ബോർഡ് ജലത്തിൻ്റെ ഗുണനിലവാരം നിലനിർത്താൻ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും . ഇന്നത്തെ റിപ്പോർട്ടുകൾ പ്രകാരം സംഗമത്തിന് സമീപത്തെ ബിഒഡിയുടെ അളവ് 3-ൽ താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി.