തന്റെ കടയുടെ അടുത്ത് മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയ യുവതിയുടെ ദേഹത്ത് തിന്നറൊഴിച്ച് തീകൊളുത്തി തൊട്ടടുത്ത കടക്കാരൻ. ഗുരുതരമായി പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ.
ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) അതേ കെട്ടിടത്തിൽ മുൻപു കട നടത്തിയ തമിഴ്നാട് സ്വദേശി രാമാമൃതമാണ് (57) ആക്രമിച്ചത്.
ഇയാളെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആണു സംഭവം.
രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയിൽ പ്രതി ഫർണിച്ചർ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് രണ്ടാഴ്ച മുൻപ് ഫർണിച്ചർ കട അടപ്പിച്ചിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നു കരുതുന്നു.
മദ്യപിച്ചെത്തിയ പ്രതി ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യിൽ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. ആദ്യം കെട്ടിടത്തിനു തീപിടിച്ചെന്നാണ് കരുതിയത്. പിന്നീട് ആക്രമണം ആണെന്ന് മനസ്സിലാക്കിയപ്പോൾ ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവർത്തനം നടത്തിയത്.
നേരത്തേ, ഇയാൾ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. ആക്രമണത്തിന് ശേഷം കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബസിൽ കയറി കടക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ബസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പൊലീസിനു കൈമാറി.
