കാഞ്ഞങ്ങാട്: പൂച്ചക്കാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയിലാണ് ഗോവ വിമാനത്താവളത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്.
പൂച്ചക്കാട് ചെറിയപള്ളിയിൽ മുഹമ്മദ് റാഫിയാണ് (35) പിടിയിലായത്. പൂച്ചക്കാട്ടെ കെ.എം. മുഹമ്മദ് കുഞ്ഞിയെ (44) വധിക്കാൻ ശ്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. മുഹമ്മദ് കുഞ്ഞി ചാമുണ്ഡിക്കുന്നിൽ കോഴിവ്യാപാരം നടത്തുകയാണ്.
രണ്ട് ദിവസം മുൻപാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ കാറിലെത്തി ഇടിച്ച് വീഴ്ത്തി ഇരുമ്പുവടി കൊണ്ട് കൈകാലുകൾ അടിച്ച് ഒടിക്കുകയായിരുന്നു.
അടികൊണ്ട് അവശനിലയിലായ യുവാവ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. നാലുപേരെ പ്രതി ചേർത്ത് ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തതോടെയാണ് റാഫി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ചത്.
സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇയാൾ രാജ്യം വിടാ തിരിക്കാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതി ഗോവ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്.
പ്രതിയെ ബേക്കൽ പൊലീസ് ഗോവയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച പൂച്ചക്കാട്ടിൽ വീട് തീവെച്ച് നശിപ്പിച്ചതിന് പിന്നാലെയായിരുന്നു മുഹമ്മദ് കുഞ്ഞിയെ ചേറ്റുകുണ്ട് സർക്കാർ കിണറിനടുത്ത് വച്ച് കൊല്ലാൻ ശ്രമിച്ചത്. വീടിന് തീ വച്ച കേസിൽ പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.