അങ്കമാലി: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കടത്തിയ യുവതിയെ നെടുംബാശേരി വിമാനത്താവളത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഘാംഗങ്ങളിൽ നിന്ന് രക്ഷപ്പെടാനായി തിരികെ വിമാനത്താവളത്തിലെത്തി യുവതി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു. പരിശോധനയിൽ ഇവർ ധരിച്ചിരുന്ന ചെരിപ്പിൽ 250 ഗ്രാം സ്വർണം കണ്ടെത്തി.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിമാനമിറങ്ങി ടെർമിനലിനു പുറത്തെത്തിയ യുവതി ബൈക്കിലെത്തിയ ആളോടൊപ്പം പോകാൻ തുടങ്ങവെ കാറുമായെത്തിയ സംഘം യുവതിയോട് കയറാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, യുവതി ടാക്സി തരപ്പെടുത്തി അതിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ കാറിലെത്തിയ സംഘം യുവതിയെ പിന്തുടർന്നു. പിടിയിലാകുമെന്ന്ഉറപ്പായപ്പോൾ യുവതി കാർ വിമാനത്താവളത്തിലേക്ക് തിരിക്കാൻ ആവശ്യപ്പെടുകയും വിമാനത്താവളത്തിലെത്തിയപ്പോൾ ടെർമിനൽ മാനേജരുടെ കാബിനിൽ കയറുകയുമായിരുന്നു.
ടെർമിനൽ മാനേജർ അറിയിച്ചതിനെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ബൈക്കിലെത്തിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ തട്ടിക്കൊണ്ടുപോകാൻ കാറിലെത്തിയ സംഘത്തെ കണ്ടെത്തിയിട്ടില്ല.