പാലക്കാട്: വാഹനത്തിനു മുന്നിലേക്ക് ചാടിയെന്ന ആരോപണത്തിൽ അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. പിക്കപ്പ് വാഹനത്തിൻ്റെ ഡ്രൈവറും ക്ളീനറുമായ ഇരുവരും ചേർന്നാണ് സിജുവിനെ കൈകൾ കെട്ടി പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചത്.
ഈ മാസം 24ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടിയെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പരിക്കേറ്റ ഷിജു കോട്ടത്തറയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരിച്ച് മിൽമ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ് വാനിനു മുന്നിലേക്കാണ് യുവാവ് വീണത്. എന്നാൽ റോഡിലൂടെ നടക്കുമ്പോൾ കല്ലിൽ തട്ടി വാഹനത്തിനു മുന്നിലേക്ക് വീണെന്നാണ് ഷിജു പറയുന്നത്.
ഇരുകൂട്ടരും തമ്മിൽ അടിപിടി നടക്കുന്നതിനിടെ ഷിജു എടുത്തെറിഞ്ഞ കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകർന്നു. ഇതോടെ ഷിജുവിനെ വഴിയിലൂടെ വലിച്ചിഴച്ച് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ഡ്രൈവറും ക്ലീനറും മർദിക്കുകയും പിന്നാലെ കടന്നു കളയുകയുമായിരുന്നു.
ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ പോസ്റ്റിൽ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. പിന്നാലെ ഇയാൾ ഷിജുവിനെ ആശുപത്രിയിലെത്തിച്ചു. കയർ കെട്ടിയതിന്റെ പാടുകൾ ഉൾപ്പെടെ ഷിജുവിന്റെ ശരീരത്തിലുണ്ട്.