അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും
ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും. കേരളത്തില്‍ എത്തിച്ച ശേഷം ആകും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക.
അതിനിടെ അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കും.
സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുകയാണ്. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കാനുമാണ് തീരുമാനം.
അതേസമയം, അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും പരാതി നല്‍കാനാണു ബന്ധുക്കളുടെ തീരുമാനം. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ സഹോദരി അഖില പരാതി നല്‍കും.
അതുല്യ ബന്ധുക്കള്‍ക്ക് അയച്ച ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം നല്‍കും എന്നും കുടുംബം അറിയിച്ചു. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ഭര്‍ത്താവ് സതീഷിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ സഹോദരിയോട് പറഞ്ഞിരുന്നു. സതീഷിനെതിരെ അതുല്യയുടെ മാതാവ് തെക്കുംഭാഗം പൊലീസിന് നല്‍കിയ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം നടക്കുന്നത്.
അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം
കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ വെളിപ്പെടുത്തലുകൾ. ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ ശേഖറിന്റെ മരണത്തിൽ ദുരൂഹതയും ക്രൂരതയും നിറഞ്ഞ വിവരങ്ങളാണ് പുറത്തുവരുന്നത്.
മരണത്തിന് മുൻപായി അതുല്യ തന്റെ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തായി. ”അവൻ എന്നെ കാൽകൊണ്ടു ചവിട്ടി. ജീവിക്കാൻ കഴിയുന്നില്ല.
ഇത്രയും സഹിച്ചിട്ടും അവന്റെ കൂടെയിരിക്കേണ്ട അവസ്ഥയാണ്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് ഇപ്പോഴും ജീവിക്കുന്നത്.” എന്നാണു സന്ദേശത്തിൽ പറയുന്നത്.
അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം
വിവാഹത്തിന് ശേഷം തന്നെ ഭർത്താവ് സതീഷിൽ നിന്നുള്ള പീഡനമാണ് അതുല്യയെ തളർത്തിയതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കുന്നു. 17-ആം വയസിൽ വിവാഹ നിശ്ചയം കഴിഞ്ഞ അതുല്യയുടെ വിവാഹം 18-ാം വയസിലായിരുന്നു.
കല്യാണം കഴിഞ്ഞ നാളുകളിൽ മുതൽ തന്നെ അകൽച്ചകളും പീഡനവും ഉണ്ടായിരുന്നു. ബന്ധം വേർപെടുത്താനും വീട്ടിലേക്ക് വരാനും അതുല്യയെ പ്രേരിപ്പിച്ചിരുന്നുവെങ്കിലും, സതീഷിന്റെ കള്ളവാചകങ്ങൾക്കും മാപ്പു പറയലുകൾക്കും പിന്നാലെ, അവൾ വീണ്ടും അവന്റെ കൂടെ തുടരുകയായിരുന്നു.
അയൽവാസിയായ ബേബി പറഞ്ഞത് അനുസരിച്ച്, അതുല്യ അനുഭവിച്ച പീഡനങ്ങൾ അവരോട് തുറന്ന് പറഞ്ഞിരുന്നു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പോടെയാണ് അവളുടെ അച്ഛൻ രാജശേഖരൻ പിള്ള പറയുന്നത്.
സ്ത്രീധന ആവശ്യത്തിനായി സതീഷിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായ ഉപദ്രവം ഉണ്ടായിരുന്നുവെന്നും, ഇതു കാരണം തന്നെ മകളെ നാട്ടിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം പറയുന്നു.
എന്നാൽ വീണ്ടും കുടുംബ ജീവിതം നന്നാവുമെന്ന് പ്രതീക്ഷിച്ചായിരുന്നു അതുല്യ വീണ്ടും ഷാർജയിലേക്ക് മടങ്ങിയത്.
അവളുടെ മരണത്തിൽ ഭർത്താവിന്റെ പങ്ക് ഉണ്ടെന്ന് സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൂടുതൽ അന്വേഷണങ്ങളും പൊലീസിന്റെ ഇടപെടലും തുടരുന്നത്.
Summary: Athulya, a native of Chavara Thekkumbhagam in Kollam, who died under mysterious circumstances in sharjah , will undergo a re-postmortem after her body is brought back to Kerala. Authorities confirmed the procedure will be conducted to clarify doubts surrounding her death.