കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെ സസ്‌പെൻഡ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയാണ് റിജോ ജോണിനെ സസ്‌പെൻഡ് ചെയ്തത്.
നേരത്തെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഗോവിന്ദച്ചാമി ജയിൽ ചാടിയ രാത്രി ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് നേരത്തെ സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായ അബ്ദുൽ സത്താറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
അബ്ദുൽ സത്താർ മാധ്യമങ്ങൾക്ക് വാര്‍ത്ത നല്‍കിയതു വഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവെ ഉണ്ടായ അനുഭവങ്ങളാണ് അബ്ദുൾ സത്താർ മാധ്യമങ്ങളോട് പങ്കുവച്ചത്.
ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ജൂലൈ 25 ന് പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദചാമി ജയില്‍ ചാടുന്നത്.
ഗോവിന്ദച്ചാമി ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ലിലെ താഴെഭാഗത്തെ കമ്പി മുറിച്ചു മാറ്റിയ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങി.
പിന്നീട് സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുത്തു.
പുലര്‍ച്ചെ 1.20 കഴിയുന്നതോടെ ഗോവിന്ദചാമി പുറത്തേക്ക് ഇറങ്ങി. പിന്നീട് ജയിലിലെ പത്താം ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നു. പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം ഗോവിന്ദച്ചാമി നില്‍ക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്.
വലിയ ചുറ്റുമതില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് ഗോവിന്ദചാമി ചാടിക്കടന്നത്. എന്നാൽ ജയില്‍ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ഒന്നരമാസമായി ഗോവിന്ദചാമി ജയില്‍ ചാട്ടത്തിന് ആസൂത്രണം നടത്തിവരികയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ഏകദേശം 28 ദിവസത്തോളമെടുത്താണ് സെല്ലിന്റെ അഴികള്‍ മുറിച്ചു മാറ്റിയതെന്നാണ് വിവരം.
ഗോവിന്ദചാമി ജയില്‍ചാടിയ വിവരമറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.
മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തെ കിണറ്റില്‍ നിന്നാണ് ഗോവിന്ദചാമിയെ പിടികൂടുന്നത്.
Summary: In connection with the prison escape of notorious criminal Govindachamy, Kannur Central Jail Assistant Superintendent Rijo John has been suspended. The action was taken by Jail Chief Balram Kumar Upadhyay following internal inquiry findings.