തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടമായവർക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടൽ ദുരന്തത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.(Assembly pays tribute to the wayanad landslide disaster)
ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമാണ് വയനാട് ഉണ്ടായത്. രാജ്യത്തിന്നു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തില്‍പ്പെടുന്ന ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 47 വ്യക്തികളെ കാണാതാകുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
145 വീടുകള്‍ പൂര്‍ണമായും 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. 183 വീടുകള്‍ ഒഴുകിപ്പോയി. ദുരന്തത്തില്‍ ചുരുങ്ങിയത് 1200 കോടിയുടെയെങ്കിലും നഷ്ടമാണ് വയനാട്ടിലുണ്ടായത്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ജീവനും കൃഷിയും വളര്‍ത്തുമൃഗങ്ങളും അടക്കം കനത്ത നാശമുണ്ടായി. വിലങ്ങാട് ചുരുങ്ങിയത് 217 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. മേപ്പാടിയിലെ ദുരന്തബാധിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വയനാട് ദുരിതാശ്വാസപ്രവര്‍ത്തനത്തിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാരിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ ആ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷവും ഒരു സഹായവും കിട്ടിയില്ല. പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിട്ടും താല്‍ക്കാലികമായ സഹായം പോലും ലഭിച്ചില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.