ലോറി ഡ്രൈവർക്ക് മർദനം പ്രതികൾ റിമാൻഡിൽ
കട്ടപ്പന: രാജാക്കാട് ലോറി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പെരിയകനാൽ തേയില ഫാക്ടറിയിൽ വിറകുമായി എത്തിയ ലോറി ഡ്രൈവർ അടിമാലി പ്രിയദർശനി കോളനി ചേന്നാട്ട് വീട്ടിൽ സുമേഷിനെ(25) മർദിച്ച കേസിലാണ് പെരിയകനാൽ എസ്റ്റേറ്റ് സെൻട്രൽ ഡിവിഷനിൽ മുരുക പാണ്ടി (40), മുകേഷ് കുമാർ(25), മണികണ്ഠൻ (കരിമണി -33), പാണ്ടീശ്വരൻ (31), ലോവർ ഡിവിഷനിൽ നന്ദകുമാർ (നന്ദ-25) എന്നിവരെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ശാന്തൻപാറ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ലോഡ് ഇറക്കുന്നതിനായി ലോറി മാറ്റിയിടുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് യൂണിയൻ തൊഴിലാളികൾ ചേർന്ന് ലോറി ഡ്രൈവറെ മർദിച്ച് അവശനാക്കി. ലോറി ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത ശാന്തൻപാറ പോലീസ് സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ശാന്തൻപാറ സിഐ എസ്.ശരലാൽ, ഗ്രേഡ് എസ്ഐ റെജി ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ആർ.രമേഷ്, വി.ജയകൃഷ്ണൻ, വിൻസൻറ്, ജിനോ ജോർജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഹൈറേഞ്ച് കളികൾ; മറിയുന്നത് ലക്ഷങ്ങൾ
ഇടുക്കിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളിച്ച 20 പേർ പിടിയിലായതിന് പിന്നാലെ ചീട്ടുകളിക്കളത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോലാഹലമേട് ഭാഗത്തെ എംപിരിയൻ ഹോളിഡേയ്‌സ് എന്ന ഹോം സ്റ്റേയിൽ നടന്ന റെയ്ഡിലാണ് വൻ ചൂതാട്ട സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. കളിക്കാനായി ഉപയോഗിച്ച 4,04,320 രൂപയും മറ്റ് ചൂതാട്ട സാമഗ്രികളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെ ഹോം സ്റ്റേയുടെ രണ്ടാം നിലയിലെ മുറിയിൽ വിനോദത്തിനല്ലാതെ പണം വെച്ച് ‘പന്നി മലത്ത്’ എന്ന ഇനത്തിൽപ്പെട്ട ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി. ഇടുക്കി എസ് പി യുടെ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്ന് വാഗമൺ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. വാഗമൺ മേഖലയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന്, മദ്യം, അനാശാസ്യ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഈ അറസ്റ്റ്.
പശുപ്പാറ, ലക്ഷം വീട്, കാപ്പിപ്താൽ തുടങ്ങിയ പ്രദേശങ്ങളിൽ സമാനമായ കേസുകളിൽ പ്രതികളെ പിടികൂടി ഉടൻ തന്നെ വിട്ടയക്കുന്നുവെന്ന് പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ചൂതാട്ട സംഘത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ ഉറപ്പുനൽകി.
അടുത്തിടെ വാഗമൺ കേന്ദ്രീകരിച്ച് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നത് പ്രദേശവാസികളിലും ടൂറിസം മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ടൂറിസം സാധ്യതകൾ ചൂഷണം ചെയ്ത് ക്രിമിനൽ സംഘങ്ങൾ സജീവമാകുന്നുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. ചൂതാട്ടം, മയക്കുമരുന്ന് വിൽപന, മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിന് പോലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അറസ്റ്റിലായവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളുണ്ടോ എന്നും സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് കണ്ണികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പിടിച്ചെടുത്ത പണവും മറ്റ് മുതലുകളും നിയമനടപടികൾക്ക് വിധേയമാക്കും. വാഗമണ്ണിന്റെ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതിന് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
English Summary:
In connection with the assault on a lorry driver in Rajakkad, five individuals have been arrested.The incident occurred when Sumesh (25), a lorry driver from Chennattu House, Priyadarshini Colony, Adimali, was allegedly assaulted while delivering wood to the Periyakanal Tea Factory.Those arrested by the Santhanpara Police include Muruka Pandi (40), Mukesh Kumar (25), Manikandan alias Karimani (33), Pandishwaran (31) from the Central Division, and Nandakumar alias Nanda (25) from the Lower Division of the Periyakanal Estate.









