കോഴിക്കോട്: മനുഷ്യജീവന് ഭീക്ഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതിവേണമെന്ന് പറഞ്ഞ് കേരള സർക്കാർ കൈ മലർത്തുമ്പോൾ അനുമതി വേണ്ടെന്നാണ് കേന്ദ്രം പറയുന്നത്.
വന്യമൃഗആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും വന്യമൃഗ സംരക്ഷണ നിയമത്തെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും അവസാനിക്കുന്നില്ല. ഇതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് ഗ്രാമ്പിയിൽ കടുവയെ വെടിവെച്ച് കൊന്നത്.
ഇടുക്കി ഗ്രാമ്പിയിലെ കടുവയെ പ്രാണരക്ഷാർത്ഥം വെടിവച്ച് കൊന്നതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ദൗത്യസംഘത്തെ ആക്രമിക്കുന്ന ഘട്ടത്തിൽ വെടിവച്ചു കൊന്നതായി വനംവകുപ്പ് അറിയിച്ചു.
കടുവയെ മയക്കുവെടിവച്ചു കൂട്ടിലാക്കി ചികിത്സ നൽകാനുള്ള ദൗത്യമായിരുന്നു വനംവകുപ്പ് ആദ്യം ആസൂത്രണം ചെയ്തത്. എന്നാൽ മയക്കുവെടി ഏറ്റ കടുവ പാഞ്ഞടുത്തതോടെ ഇതിനു നേരെ വെടിവയ്ക്കുകയായിരുന്നു.
ആദ്യ വെടിയേറ്റ കടുവയുടെ അടുത്തെത്തിയ ദൗത്യസംഘത്തിനു നേരെ കടുവ പെട്ടെന്ന് ചാടിവീഴുകയായിരുന്നു. കടുവയുടെ അടിയേറ്റ് ഉദ്യോഗസ്ഥന്റെ ഹെൽമറ്റ് തകർന്നു.
ഷീൽഡ് ഉപയോഗിച്ചാണ് ഇയാൾ കടുവയെ പ്രതിരോധിച്ചത്. ഇതോടെ അടുത്ത് നിന്ന ഉദ്യേസ്ഥൻ മൂന്ന് റൗണ്ട് വെടിയുതിർത്തു. ഉടൻ തന്നെ കടുവയെ വലയിലാക്കി ചുമന്ന് വാഹനത്തിൽ എത്തിക്കുകയും തേക്കടിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.
എന്നാൽ സോഷ്യൽ മീഡിയയിലെ ചില വിരുതൻമാർ ചോദിക്കുന്നത് വനം വകുപ്പിന് അങ്ങനെ മൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരമുണ്ടോ എന്നാണ്.
മനുഷ്യജീവന് ഭീഷണിയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ആന,കടുവ,പുലി തുടങ്ങിയവയെ വെടിവയ്ക്കുവാൻ അനുവാദം നൽകാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് 1972ലെ വന നിയമപ്രകാരം തന്നെ അധികാരം ഉണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
ഷെഡ്യൂൾ രണ്ടിൽ പെട്ട കാട്ടു പന്നിയെയും മറ്റും കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസർക്കോ അധികാരം ഉണ്ട്.
എന്നാൽ ഓരോ ദിവസവും വന്യമൃഗ ആക്രമണം വർദ്ധിക്കുമ്പോഴും കേന്ദ്ര നിയമം തടസമാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്ന തൊടുന്യായം.
അക്രമകാരികളായ വന്യ മൃഗങ്ങളെ വെടിവയ്ക്കണമെങ്കിൽ ആറംഗ സമിതി യോഗം ചേർന്നു തീരുമാനിക്കണമെന്നാണ് മുഖ്യമന്ത്രിപറഞ്ഞത്. വനമേഖലയ്ക്കു സമീപം മൂന്നു കിലോമീറ്ററിലുള്ള കൃഷി ഭൂമിയിൽ വന്യമൃഗങ്ങൾ ഇറങ്ങിയാൽ വെടിവെച്ച് കൊല്ലാനുള്ള അനുമതി തമിഴ്നാട് സർക്കാർ നൽകിയിട്ടുണ്ട്.