മറ്റു കേസുകൾക്കൊപ്പം കാപ്പ കേസിലെ പ്രതിയായിരുന്നു ബിനോയിയും ഇപ്പോൾ കൊല്ലപ്പെട്ട വിനു വിക്രമനും. എങ്കിലും ഇവർ ജില്ലയിൽ പ്രവേശിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം വിനുവും പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ള തിമ്മൻ എന്നു വിളിക്കുന്ന നിധിൻ, ദീപക് എന്നിവരും മറ്റു രണ്ടു പേരും തിരുക്കൊച്ചിയിലെ കുന്നുകര പഞ്ചായത്തിലെ ചീരോത്തിത്തോടിലെ ബാറിൽ ഒരുമിച്ച് മദ്യപിച്ചിരുന്നു. പിന്നീട് ഇവിടെ തർക്കമുണ്ടായതായാണ് റിപ്പോർട്ടുകൾ. പിന്നീട് ഇവർ ബാറിനു മുന്നിൽ നിന്ന് വാഹനത്തിൽ കയറിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് മനസിലായിരുന്നു. ഇതിൽ ഒരാളുടെ വീട്ടിൽ പോയി ഇവർ ഭക്ഷണം കഴിച്ചതായും റിപ്പോർട്ടുകളുണ്ട്.
പിന്നീടും തർക്കങ്ങളുണ്ടായെന്നും ഇറങ്ങിപ്പോയ വിനു വിക്രമനെ മറ്റുള്ളവർ പിന്നാലെ ചെന്ന് വെട്ടി എന്നുമാണ് പറയപ്പെടുന്നത്. നിധിന്റെ വീട്ടിൽ നിന്ന് കേവലം 50 മീറ്റർ മാത്രം അകലെയായിരുന്നു രക്തം വാർന്നൊലിച്ച നിലയിൽ വിനു കിടന്നിരുന്നത്. വിനുവിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തി എന്നു കരുതുന്ന ബിനോയിയുടെ അടുത്ത അനുയായി ആയിരുന്നു നിധിൻ.
ചെറുപ്പം മുതൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ താൽപര്യമുണ്ടായിരുന്ന ആളായിരുന്നു ഗില്ലാപ്പി എന്നറിയപ്പെട്ടിരുന്ന ബിനോയി എന്ന് പൊലീസ് പറയുന്നു. പിന്നീടാണ് സംഘത്തെ വളർത്തി തുടങ്ങുന്നത്. ചെറിയ പിടിച്ചുപറി കേസുകളിലായിരുന്നു തുടക്കം. അവിടെനിന്ന് വൻ മോഷണങ്ങളും പിടിച്ചുപറികളും ഗുണ്ടാപ്പിരിവും അടക്കമുള്ളവയിലേക്കു തിരിഞ്ഞു. ഇതിന് അനുസരിച്ച് സംഘവും മാറി. അങ്ങനെ ബിനോയി രൂപം കൊടുത്തതാണ് ‘അത്താണി ബോയ്സ്’ എന്നും ‘അത്താണി സിറ്റി ബോയ്സ്’ എന്നും അറിയപ്പെട്ടിരുന്ന സംഘം. ഈ സംഘത്തിലെ പ്രധാനിയായിരുന്നു വിനു വിക്രമൻ. പിന്നീട് ബിനോയിയുടെ ജീവനെടുത്ത കേസിലെ പ്രധാന പ്രതി.
കേരളത്തിൽ ഹവാല പണമിടപാടുകളും ഹവാലക്കടത്തുമൊക്കെ സജീവമായ സമയമായിരുന്നു ഇവരുടെ വളർച്ചയ്ക്കും വളമിട്ടത്. കൊച്ചി നഗരത്തിലെ ഗുണ്ടാ സംഘങ്ങളെ പോലെ, അനധികൃതമായി കൊണ്ടുവരുന്ന പണം തട്ടിയെടുക്കുക എന്നതായിരുന്നു ഇവരുടേയും രീതി. ഇങ്ങനെ ഒരു കുഴൽപ്പണം തട്ടിയെടുത്ത കേസിലെ വീതംവയ്പോടെയാണ് സംഘത്തിലെ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത്. എതിർവശത്ത് വിനു വിക്രമനും അയാളോട് ആഭിമുഖ്യമുള്ളവരും. വിനുവും കൂട്ടരും പതിയെ സംഘത്തിൽ നിന്നു മാറി. അവരും ‘അത്താണി ബോയ്സ്’ എന്ന പേരിൽ അറിയപ്പെട്ടു.
ഇതോടെ സ്ഥലത്ത് ആധിപത്യം ശ്രമിക്കാനായി ഇരു സംഘങ്ങളുടെയും ശ്രമം. ഇത് നാട്ടിലെ വ്യവസായികൾക്കും ചെറുകിട കച്ചവടക്കാർക്കുമൊക്കെ പ്രശ്നമായി മാറിയതും പെട്ടെന്നാണ്.
∙ ഇരു കൂട്ടർക്കും ഗുണ്ടാപ്പണം, സഹികെട്ട് നാട്ടുകാർ
ഇരു വിഭാഗം ‘അത്താണി ബോയ്സും’ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചതോടെ തലവേദന ആയത് നാട്ടുകാർക്കാണ്. ഇരുകൂട്ടരും തമ്മിൽ ഗുണ്ടാപ്പിരിവ് നടത്തുന്ന കാര്യത്തിൽ ചില അലിഖിത നിയമങ്ങൾ നിലനിന്നിരുന്നു. എങ്കിലും പലപ്പോഴും ഇരുകൂട്ടർക്കും പിരിവ് നൽകേണ്ട അവസ്ഥയിലായിരുന്നു സ്ഥലത്തെ കച്ചവടക്കാർ. ഒരു ദിവസം ബിനോയിയും സംഘവും ഗുണ്ടാപ്പിരിവിനായി എത്തിയപ്പോൾ വിനു വിക്രമന്റെ സംഘം നേരത്തെ തന്നെ പണം വാങ്ങിയതായി കച്ചവടക്കാർ അറിയിച്ചു. ഇതോടെ വിനുവിന്റെ സംഘവുമായുള്ള സംഘർഷവും രൂക്ഷമായി.
പിരിവ് ചോദ്യം ചെയ്ത് ഇതിനിടെ ബിനോയിയും സംഘവും വിനു വിക്രമന്റെ സംഘത്തിലുള്ള അഖിലിനെ മർദിച്ചു. ഈ അഖിലിന്റെ പിതാവായിരുന്നു ബിനോയിയുടെ കൊലപാതകത്തിനു തൊട്ടു മുൻപ് കാർ ഇടിച്ചു ഗുരുതരമായി പരിക്കേറ്റയാൾ.
∙ ഗുരുവിനെ തീർക്കാൻ ശിഷ്യൻ
2019 നവംബർ 17. ബിനോയിയെ തീർക്കാൻ അന്നാണ് വിനു വിക്രമനും സംഘവും തീരുമാനിച്ചത്. വൈകിട്ട് എട്ടു മണിയോടെ സ്ഥലത്തെത്തിയ മൂന്നംഗ സംഘം ബിനോയിയെ ഉന്നമിട്ടു. ആദ്യം അടുത്തെത്തിയ ആളെ ബിനോയി തള്ളി മാറ്റി. നാട്ടുകാർ മുഴുവൻ നോക്കിനിൽക്കെയായിരുന്നു ആക്രമണം. ഇതോടെ മറ്റു രണ്ടു പേർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബിനോയിയെ വളഞ്ഞു. തുടർന്ന് ക്രൂരമായി ആക്രമിച്ചു. ബിനോയിയുടെ മുഖം വെട്ടി വികൃതമാക്കി. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഇവർ കാറിൽ കയറി രക്ഷപ്പെട്ടു.
അഖിലും നിഖിലും അടക്കം 5 പേർ തുടക്കത്തിൽത്തന്നെ പിടിയിലായി. കൊന്നവരും കൊല്ലപ്പെട്ടവരുമെല്ലാം നാട്ടുകാർക്ക് അറിയാവുന്നവർ തന്നെയായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം വിനു വിക്രമനും മറ്റു 3 പേരും പിടിയിലായി. ഇതിൽ വിനു അടക്കം 3 പേർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും ബാക്കിയുളളവർ ഗൂഢാലോചനയിൽ പങ്കെടുത്തവരുമായിരുന്നു. ഈ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടെയാണ് വിനു ജാമ്യത്തിൽ പുറത്തിറങ്ങിയത്.









