തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശപ്രവർത്തകരുടെ സമരത്തിന്റെ രൂപം മാറുന്നു. അനിശ്ചിതകാല രാപ്പകൽ സമരത്തിന്റെ അമ്പതാം ദിവസമായ ഇന്ന് തങ്ങളെ അവഗണിക്കുന്ന സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ച് മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷം മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.
ഒരാൾ തലമുണ്ഡനം ചെയ്തു. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി.കഴിഞ്ഞ മാസം 10നാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്.
ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതാണ് ആവശ്യങ്ങൾ.
ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും അത് വിജയിച്ചില്ല.
രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് ആശമാരുടെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നത്. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ പല ഘട്ടങ്ങളായുള്ള ശ്രമങ്ങൾക്കൊടുവിലാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.