മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന കത്ത് വൈറൽ
തിരുവനന്തപുരം: നവംബര്‍ ഒന്നിന് ആസൂത്രിതമായ അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസനെ സര്‍ക്കാര്‍ ക്ഷണിച്ചതിന് പിന്നാലെ ആശാ പ്രവര്‍ത്തകരുടെ തുറന്ന കത്ത് സമൂഹമാധ്യമങ്ങളിലും തീവ്ര ചര്‍ച്ചക്ക് വിധേയമായി.
മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരക രോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും പ്രഖ്യാപനത്തിന് മുന്‍പ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപോരാളികളെ വന്ന് കാണണമെന്നുമാണ് കത്തിലെ ആവശ്യം.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദനും ജനറല്‍ സെക്രട്ടറി എം.എ ബിന്ദുവും ചേര്‍ന്നാണ് കത്ത് എഴുതിയത്.
കഴിഞ്ഞ എട്ടര മാസമായി ഈ മണ്ണില്‍ മനുഷ്യോചിതമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സെക്രട്ടേറിയറ്റിനു മുന്‍പില്‍ സര്‍ക്കാരിന്റെ അനുഭാവപൂര്‍ണമായ തീരുമാനം കാത്ത് രാപകല്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആശാപ്രവര്‍ത്തകരായ സ്ത്രീ തൊഴിലാളികളാണ് ഞങ്ങള്‍.
തീര്‍ത്തും നിസ്വരായ ഞങ്ങളുടെ ദാരിദ്ര്യമോ ജീവിതക്ലേശങ്ങളോ തെല്ലും പരിഗണിക്കാതെ കഴിഞ്ഞ 18 വര്‍ഷമായി സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ സമര്‍പ്പിതമായി പ്രര്‍ത്തിക്കുന്നവരാണ് ആശമാര്‍.
പകര്‍ച്ചവ്യാധികളുടെ നാളുകളില്‍ ഞങ്ങള്‍ ജനങ്ങളെ പരിചരിച്ചു.രോഗിപരിചരണത്തിനായി രംഗത്തിറങ്ങിയ ഞങ്ങളുടെ 11 സഹപ്രവര്‍ത്തകര്‍ കോവിഡ് ബാധിതരായി മരിച്ചു
ആശമാരുടെ നിസ്വാര്‍ഥ പ്രയത്‌നങ്ങളെ മാനിച്ചുകൊണ്ട് ആരോഗ്യരംഗത്തെ കാലാള്‍പ്പട എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടു.
എന്നാല്‍ പരമ ദരിദ്രമായ ഞങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനോ ദുരിതങ്ങള്‍ അവസാനിപ്പിക്കാനോ ഒരു നടപടിയും എവിടെനിന്നും ഉണ്ടായില്ല.
ഞങ്ങളുടെ ദിവസ വേതനം 233 രൂപയെന്ന തുച്ഛമായ തുക മാത്രമാണ്.
ജോലി ചെയ്യാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും ദിനേന ചെലവഴിക്കേണ്ടി വരുന്ന ഞങ്ങളുടെ കൈവശം അവശേഷിക്കുന്ന തുക കൊണ്ട് എങ്ങനെയാണ് കുടുംബം പുലര്‍ത്തുക? നിത്യച്ചെലവുകള്‍ക്കായി പോലും കടം വാങ്ങേണ്ടി വരുന്നു.
ഗുരുവായൂരില്‍ വികല ഗാന്ധി പ്രതിമ: കോൺഗ്രസ് നാളെ ഉപവാസ സത്യാഗ്രഹം
ഞങ്ങള്‍ 26,125 ആശമാര്‍ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. ഇത് ഞങ്ങള്‍ നെഞ്ചില്‍ കൈവച്ച് പറയുകയാണ്.
പ്രിയ കലാകാരന്മാരെ, സെക്രട്ടേറിയറ്റിനു മുന്നിലെ ആശാപോരാളികളെ വന്ന് കാണണം. മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരക രോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങള്‍ ആശമാര്‍.
ഞങ്ങളുടെ തുച്ഛവേതനം വര്‍ധിപ്പിക്കാതെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണ്. സര്‍ക്കാരിന്റെ കാപട്യവും.
അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക വഴി നിങ്ങള്‍ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതില്‍ തര്‍ക്കമില്ല.
അതുകൊണ്ട് പ്രിയപ്പെട്ട മഹാനടന്മാരായ മൂവരോടും സര്‍ക്കാരിന്റെ അതി ദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് സ്‌നേഹാദരങ്ങളോടെ ഞങ്ങള്‍, അതിദരിദ്രരായ ആശമാര്‍ അഭ്യര്‍ഥിക്കുന്നു.









