കൊച്ചി: നവജാത ശിശുവിനെ കൈമാറിയവർക്കെതിരെ കേസെടുത്ത് പോലീസ്. കൊച്ചിയിൽ തൃപ്പൂണിത്തുറയിലാണ് സംഭവം. ആശാ പ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തത്.
മുരിയമംഗലം സ്വദേശിയായ യുവതി പ്രസവിച്ച രണ്ടാമത്തെ കുഞ്ഞിനെ കോയമ്പത്തൂർ സ്വദേശികൾക്ക് ആണ് കൈമാറിയത്. ആശാ പ്രവർത്തക വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കാണാനില്ലായിരുന്നു. ഇതോടെ കുട്ടിയെ അനധികൃതമായി കൈമാറ്റം ചെയ്തു എന്ന് ആശാ പ്രവർത്തക പരാതി നൽകി.
തുടർന്ന് ഹിൽപാലസ് പൊലീസ് കേസെടുക്കുകയായിരുന്നു. അമ്മയെ വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കൈമാറിയ വിവരങ്ങൾ പുറത്തുവന്നത്.
കോയമ്പത്തൂർ സ്വദേശികളോട് കുഞ്ഞിനെ അടുത്ത ദിവസം തന്നെ കൊച്ചിയിലെത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ പണം വാങ്ങി കൈമാറിയതാണോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും.