കൊച്ചി: സംസ്ഥാന വിപണിയിൽ പച്ചക്കറികൾക്ക് പൊള്ളുന്ന വില. ഒരിടവേളയ്‌ക്ക് ശേഷം വിപണിയിൽ തക്കാളിയുടെ നിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്. അതിന് പുറമെ മുരിങ്ങ, ബീൻസ് എന്നിവയുടെ വിലയും കൂടിയിരിക്കുകയാണ്. 250ലേക്കാണ് മുരിങ്ങയുടെ വില എത്തിയിരിക്കുന്നത്. സവാള, ഉരുളക്കിഴങ്ങ് ഉൾപ്പടെ ഏതാനും ചില സാധനങ്ങൾ മാത്രമാണ് നിലവിൽ 50ൽ താഴെ നിരക്കിൽ ലഭിക്കുന്നത്.vegetable prices
പച്ചക്കറി വില കുതിച്ചുയർന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ ചൂട് വർധിച്ചതുമാണ് വിലവർധനയ്ക്കു കാരണമാകുന്നത്. തമിഴ്‌നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വർധനയ്ക്ക് കാരണമായെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ജൂണിലുണ്ടായിരുന്നതിനേക്കാൾ വിലവർധനവാണ് ഈ വർഷം പച്ചക്കറി വിലയിൽ സംഭവിച്ചിരിക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു. കടലിൽ ട്രോളിങ്ങിനെ തുടർന്ന് മത്സ്യ വിലയും വർധിച്ചത് സാധാരണക്കാർക്കു തിരിച്ചടിയായി. മലയാളിയുടെ ഇഷ്ട വിഭവമായ മത്തിക്ക് കിലോയ്ക്ക് 300 രൂപയോടടുത്താണു വിപണിയിലെ വില.
കൊച്ചിയിൽ കാരറ്റ് വില 80 രൂപയായിരിക്കുകയാണ്. ഒട്ടുമിക്ക പച്ചക്കറികളുടെയും വില കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലാണ്. തക്കാളി 100, ബീൻസ് 120, വെളുത്തുള്ളി 300, മുരിങ്ങക്കായ 200 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില.