ദുബായ്: ഡോളറിനെതിരെ മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യൻ രൂപയുടെ ഇടിവ് തുടരുന്നതിനിടെ, ഒരു യുഎഇ ദിർഹത്തിന് മൂല്യം 23 രൂപ വരെയായി. തിങ്കളാഴ്ച വൈകീട്ട് വരെയുള്ള കണക്കാണിത്. ഇതൊരു അവസരമായി കണ്ട് വൻതോതിലാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത്.
യുഎഇയിൽ ഓൺലൈൻ എക്‌സ്‌ചേഞ്ച് സേവനങ്ങൾ നൽകുന്ന ബോട്ടിം ആപ്പിൽ വിനിമയനിരക്ക് ഒരു ദിർഹത്തിന് 24 ഇന്ത്യൻ രൂപവരെയെത്തിയിരുന്നു. കഴിഞ്ഞ ഏഴാം തീയതിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അമേരിക്കൻ ഡോളറിനെതിരേ 84.40 എന്നനിലയിൽ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് കോളടിച്ചിരിക്കുകയാണ് എന്നു പറയാം. ഈ വിനിമയനിരക്ക് പ്രയോജനപ്പെടുത്തി പ്രവാസികൾ നാട്ടിലേക്ക് കൂടുതൽ പണമയച്ചതോടെ ഇന്ത്യയിലേക്ക് കോടികളാണെത്തിയത്.
യുഎഇ ദിർഹം കൂടാതെ കൂടുതൽ ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യത്തിൽ ഇടിവ് വന്നിട്ടുണ്ട്. സൗദി റിയാൽ 22.45 രൂപ, ഖത്തർ റിയാൽ 23.10 രൂപ, ഒമാൻ റിയാൽ 218.89 രൂപ, ബഹ്‌റൈൻ ദിനാർ 223.55 രൂപ, കുവൈത്ത് ദിനാർ 273.79 രൂപ എന്നിങ്ങനെയാണ് പ്രധാന ഗൾഫ് രാജ്യങ്ങളിലെ കറൻസികളുടെ വിനിമയനിരക്ക്. ഇതിൽ 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകുന്നത്.