കാർവാർ: ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിൽ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിലിന് ഇന്ന് സൈന്യമെത്തും.Army to search for Arjun, a native of Kozhikode, who went missing in a landslide in Shirur
ഇന്നലെ രാത്രി എട്ടരയോടെ അവസാനിപ്പിച്ച രക്ഷാ ദൗത്യം ഇന്നു രാവിലെ ആറരക്ക് പുനരാരംഭിക്കും. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ നിയോഗിക്കണമെന്ന അർജുന്റെ കുടുംബത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് പിന്നാലെയാണ് കർണാടക സർക്കാർ കരസേനയുടെ സഹായം തേടിയത്. മഴയും മണ്ണിടിച്ചിലും തുടരുന്നതാണ് രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന വെല്ലുവിളി.
കുന്നിൽ വിള്ളലുകൾ ഉള്ളതിനാലും പ്രദേശമാകെ മഴയിൽ കുതിർന്നു കിടക്കുന്നതിനാലും വീണ്ടും ഇടിയാനുള്ള സാധ്യത മുന്നിൽക്കണ്ട് മെല്ലെയാണ് മണ്ണ് നീക്കം ചെയ്യുന്നത്.
ഇടിഞ്ഞ ഭാഗത്തു നിന്ന് റോഡിലേക്ക് നീരൊഴുക്കു തുടരുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ലോറി നദിയിൽ വീണോ എന്നറിയാൻ നാവിക സേനയുടെ നേതൃത്വത്തിലും പരിശോധന നടത്തിയെങ്കിലും വിഫലമായി.
നദിയിലേക്ക് ഇടിഞ്ഞു വീണ മണ്ണിനടിയിൽ ലോറിയുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സൂറത്ത്കൽ എൻഐടിയിൽ നിന്നുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജിപിആർ) ഉൾപ്പെടെ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ലോറിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചില്ല.
മണ്ണിടിഞ്ഞുവീണ റോഡിന്റെ റോഡിന്റെ നടുഭാഗത്ത് നിന്ന് വൈകിട്ടോടെ ഒരു സിഗ്നൽ ലഭിച്ചിരുന്നു. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നലാണ് കിട്ടിയിരുന്നത്. സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും 70ശതമാനം യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലിലാണ് പരിശോധന നടത്തുന്ന റഡാർ സംഘം.
സിഗ്നൽ ലഭിച്ച ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
കൊച്ചി–പൻവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായ 4 വരിപ്പാതയിൽ ഒരു വരിയിലെ മണ്ണ് പൂർണമായി നീക്കം ചെയ്തിട്ടുണ്ട്.
ഇതുവഴി രക്ഷാപ്രവർത്തന വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. ബാക്കിയുള്ള 3 വരിപ്പാതയിൽ 10 അടിയോളം മണ്ണ് നീക്കം ചെയ്യാതെ കിടക്കുകയാണ്.
അപകട സ്ഥലത്തേക്ക് ആരെയും കടത്തി വിടുന്നില്ല. മഴ കുറയുകയാണെങ്കിൽ രക്ഷാപ്രവർത്തനത്തിന് ഇന്ന് വേഗം കൂടുമെന്നാണ് പ്രതീക്ഷ. 7 പേരുടെ മൃതദേഹം കിട്ടി.
അർജുന് പുറമേ മറ്റു രണ്ടുപേർ കൂടി മണ്ണിനടിയിലുണ്ടെന്നു നിഗമനം. കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഇന്നലെ സ്ഥലം സന്ദർശിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് എത്തും.
അർജുനെ കാണാതായ സ്ഥലത്തേക്ക് കോഴിക്കോട് നിന്നെത്തിയ ബന്ധുക്കളെയും വാഹന ഉടമയെയും രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിനെയും പൊലീസ് തടഞ്ഞതിനെ തുടർന്ന് ഇന്നലെ സംഘർഷമുണ്ടായിരുന്നു.
രഞ്ജിത്തിനെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് നിരസിച്ചതിനെ തുടർന്നാണ് പ്രശ്നമുണ്ടായത്. മർദനമേറ്റതായി ബന്ധുക്കൾ പിന്നീട് സ്ഥലത്തെത്തിയ ഉത്തര കന്നഡയുടെ ചുമതലയുള്ള മന്ത്രി മംഗാള വൈദ്യയോട് പരാതി പറഞ്ഞു.
മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് രഞ്ജിത്ത് ഇസ്രയേലിനെയും അർജുന്റെ സഹോദരി ഭർത്താവ് ജിതിനെയും രക്ഷാപ്രവർത്തന സ്ഥലത്തേക്ക് കടത്തിവിട്ടത്. രക്ഷാദൗത്യത്തിനു കേന്ദ്ര സേനയെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കും കത്ത് നൽകിയിരുന്നു.









