കോഴിക്കോട്: മലയാളികളുടെ തീരാനോവായി അർജുൻ തന്റെ പ്രിയ ഭവനത്തിലേക്ക് അവസാനമായി മടങ്ങിയെത്തി. ആയിരക്കണക്കിന് ആളുകളാണ് വഴിയിലുടനീളം അർജുനെ കാണാനായി കാത്തു നിന്നത്. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പത് മണിയോടെയാണ് അർജുന്റെ ‘അമരാവതി’യിലേക്ക് എത്തിയത്.(arjun funeral updates)
വീടിനകത്ത് ബന്ധുക്കൾക്ക് മാത്രമായി മൃതദേഹം വെച്ച ശേഷം നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. കേരളാ അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലും നിരവധിപേർ അർജുന് ജനം ആദരാഞ്ജലി അർപ്പിച്ചു.
കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.