ബ്യൂണസ് അയേഴ്‌സ്: അമേരിക്കക്കു പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിൻവലിക്കുന്നതായി റിപ്പോർട്ട്. ജനുവരി 21 ന് അധികാരത്തിൽ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെ ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്കയെ പിൻവലിക്കാനുള്ള പ്രക്രിയ ട്രംപ് തുടങ്ങിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് സമാനമാണ് അർജന്റീനയുടെ പ്രസിഡന്റ് ജാവിയർ മിലെയുടെ നടപടി. തീരുമാനം എപ്പോൾ നടപ്പിലാക്കുമെന്ന് വ്യക്തമല്ല.
കോവിഡ് കാലത്തെ ആരോഗ്യമേഖലയിലെ ഇടപെടലുകളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ലോകാരോഗ്യ സംഘടന വിട്ടുപോകാനുള്ള തീരുമാനമെന്ന് പ്രസിഡന്റിന്റെ വക്താവ് മാനുവൽ അഡോർണി പറഞ്ഞു. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാൻ രാജ്യങ്ങളെ നിർബന്ധിക്കാൻ ലോകാരോഗ്യ സംഘടനക്ക് അധികാരമില്ലെന്നും മാനുവൽ അഡോർണി പറയുന്നു. ചില രാജ്യങ്ങളുടെ രാഷ്ട്രീയ സ്വാധീനം കാരണം ലോകാരോഗ്യ സംഘടനക്ക് സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു അംഗ രാജ്യം കൂടി വിട്ടുപോകുന്നത് ലോകാരോഗ്യ സംഘടനയിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. 2024-25ലെ ലോകാരോഗ്യ സംഘടനയുടെ 690 കോടി ഡോളറിന്റെ ബജറ്റിനായി അർജന്റീനയിൽ നിന്ന് പ്രതീക്ഷിച്ചത് ഏകദേശം 80 ലക്ഷം ഡോളർ മാത്രമാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അർജന്റീനയുടെ പ്രഖ്യാപനം പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.