ന്യൂഡൽഹി: പ്രമേഹ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന മരുന്നുകളിൽ ഒന്നായ ‘എംപാഗ്ലിഫ്ലോസിന്റെ ‘ വില കുറഞ്ഞേക്കും. നിലവിൽ ഒരു ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാഗ്ലിഫ്ലോസിൻ്റെ ജനറിക് പതിപ്പ് 9 മുതൽ 14 വരെ രൂപ വിലയ്ക്കു ലഭിച്ചേക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
എംപാഗ്ലിഫ്ലോസിൻ ഗുളികയ്ക്കുമേൽ ജർമൻ ഫാർമ കമ്പനിക്കുള്ള പേറ്റൻ്റ് ഇന്നു തീരുന്നതോടെ ഇന്ത്യൻ കമ്പനികൾക്ക് ഇവയുടെ ഉൽപാദനം സാധ്യമാകും എന്നതാണ് വില കുറയാൻ കാരണമായി പറയുന്നത്. മാൻകൈഡ് ഫാർമ, ടൊറൻ്റ്, ആൽക്കെം, ഡോ റെഡ്ഡീസ്, ലൂപിൻ തുടങ്ങിയ മുൻനിര കമ്പനികളാണ് ഈ മരുന്ന് പുറത്തിറക്കാൻ ലക്ഷ്യമിടുന്നത്.
പ്രമേഹം, ഹൃദയസ്തംഭനം എന്നിവയ്ക്കുൾപ്പെടെ ചികിത്സിക്കാൻ എംപാഗ്ലിഫ്ലോസിൻ ഗുളികകൾ ഉപയോഗിക്കുന്നുണ്ട്. ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് തടയാൻ എംപാഗ്ലിഫ്ലോസിൻ വൃക്കകളിൽ പ്രവർത്തിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു.
2023 ലെ ഐസിഎംആർ നടത്തിയ പഠനത്തിൽ 10.1 കോടിയിലധികം പ്രമേഹ രോഗികൾ ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഏകദേശം 20,000 കോടി രൂപ മൂല്യമുളളതാണ് ഇന്ത്യയിലെ പ്രമേഹ ചികിത്സാ വിപണി. പ്രമേഹ മരുന്നുകളുടെ വില കുറയുന്നത് സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമാകും.