ഏഴ് വർഷങ്ങൾക്കു ശേഷം താലയിൽ പുനരാരംഭിച്ച സെൻറ് പാട്രിക്സ് ദിന പരേഡ് അത്യുജ്വലമായി. ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തമായിരുന്നു ചടങ്ങ്.
ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ തെയ്യം, കഥകളി രൂപങ്ങൾ വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളായി. കേരളത്തിന്റെ തനതായ ചെണ്ടമേളവും, മുത്തുകുടകളും പരേഡിന്റെ മാറ്റുകൂട്ടി.
മലയാളി സമൂഹത്തിന്റെ കൂടി പങ്കാളിത്തത്തോടെ നടന്ന പരേഡ് കാണാൻ ആയിരങ്ങൾ താലായിലെ വീഥികൾക്ക് ഇരുവശവും അണിനിരന്നിരുന്നു.
“മലയാളം” സംഘടനയും, മലയാളീസ് ഇൻ സിറ്റി വെസ്റ്റും(MIC), വേൾഡ് മലയാളി ഫെഡറേഷനും(WMF) താലായിൽ നടന്ന പരേഡുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു.

ബേബി പെരെപാടൻ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ മേയറായി തിരഞ്ഞെടുക്കപെട്ടതിനുശേഷമാണ് മുടങ്ങിക്കിടന്ന സെൻ്റ് പാട്രിക്സ് ദിന പരേഡ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നത്.
എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന സെൻ്റ് പാട്രിക്സ് ദിന പരിപാടികൾ താലായിലുള്ള ആബാലവൃദ്ധം ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും കൊണ്ട് വൻ വിജയമായി തീർന്നു.
പരേഡിനു മുന്നോടിയായി താല സ്ക്വയറിൽ നിന്നും TUD വരെ 5K മാരത്തൺ സംഘടിപ്പിച്ചിരുന്നു.
എല്ലാ പരിപാടികളും വൻവിജയമാക്കാൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടും മേയർ ബേബി പെരേപാടൻ നന്ദി പറഞ്ഞു.