തൃശൂർ: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്ന് വയസുകാരി തസ്മിത് തംസുമിന് വേണ്ടിയുള്ള അന്വേഷണത്തിനിടെ തൃശൂർ റയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി.Another missing girl was found while searching for the thirteen-year-old girl
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ കുട്ടി തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് കാണാതായതാണെന്ന് തിരിച്ചറിഞ്ഞു. കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ തൃശ്ശൂരിൽ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
കഴിക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിത് തംസുമിനായി സംസ്ഥാനത്ത് പലയിടങ്ങളിലും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് കാണാതായ കുട്ടിയുമായി സാമ്യമുള്ള ഒരു കുട്ടിയെക്കുറിച്ച് റെയിൽവെ സംരക്ഷണ സേന വിവരം നൽകിയത്.
തുടർന്ന് വിശദമായ അന്വേഷണം നടത്തി. ഇതിനൊടുവിലാണ് ഇത് തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയല്ലെന്നും തിരുപ്പൂരിൽ നിന്ന് കാണാതായ അനുപ്രിയ എന്ന കുട്ടിയാണെന്നും സ്ഥിരീകരിച്ചത്.
ഈ കുട്ടിയ്ക്ക് തിരുവനന്തപുരത്ത് ബന്ധുക്കളുണ്ടെന്നും മനസിലായി. തുടർന്ന് മാതാപിതാക്കളെ വിവരമറിയിച്ച ശേഷം കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
അതേസമയം കഴക്കൂട്ടത്ത് കാണാതായ കുട്ടിയ്ക്കായി പോലീസ് സംഘം വിശദമായ പരിശോധന നടത്തുകയാണ്. മൂന്ന് മണിക്കൂർ വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് കഴക്കൂട്ടം ജംഗ്ഷൻ വരെ പൊലീസിന് ലഭിച്ചത്.
തുടർന്ന് കുട്ടി എവിടേക്കാണ് പോയതെന്ന് വ്യകതമല്ല. കഴക്കൂട്ടം മേഖലയിലും നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ് ഇപ്പോൾ.
കടകളുടെ പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലുമൊക്കെ പരിശോധന നടത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പോലീസ് എത്തി അന്വേഷണം നടത്തുന്നു.
കേരളത്തിൽ എത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ കുട്ടിക്ക് എവിടെയെങ്കിലും പോകാൻ ടിക്കറ്റ് എടുക്കാനോ ഭാഷ അറിയാത്തതിനാൽ ആരുടെയെങ്കിലും സഹായം തേടാനോ പ്രയാസമായിരിക്കുമെന്നാണ് അനുമാനം.