ഗണപതി ഹോമവും ‘സ്റ്റാർ’ തുടക്കവും; തൃപ്പൂണിത്തുറയിൽ ‘ആക്ഷൻ’ തുടങ്ങി; ഡ്യൂപ്പില്ലാതെ അഞ്ജലി
കൊച്ചി: തൃപ്പൂണിത്തുറയിൽ ട്വന്റി 20യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിറക്കൊടി. നടി അഞ്ജലി നായർ ഗണപതിഹോമം നടത്തി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്ന് പ്രചാരണത്തിന് തുടക്കം കുറിച്ചു.
തൃപ്പൂണിത്തുറയിൽ ട്വന്റി 20യുടെ സ്ഥാനാർത്ഥിയായ നടി അഞ്ജലി നായർ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഗണപതിഹോമം നടത്തി കൊണ്ടായിരുന്നു പ്രചാരണത്തിന്റെ തുടക്കം. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് അടുത്തിടെ അഞ്ജലിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു.
ഇക്കുറി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) ഭാഗമായി ട്വന്റി 20 മത്സരിക്കുന്നതിനാൽ, സഖ്യരാഷ്ട്രീയത്തിലും ഈ മത്സരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
രാഷ്ട്രീയത്തിലേക്ക് ആദ്യമായി കടന്നുവരുന്ന അഞ്ജലി നായർ, ജനങ്ങളോടുള്ള ബന്ധമാണ് തന്റെ ശക്തിയെന്ന് വ്യക്തമാക്കി. “സിനിമയിൽ പതിനെട്ട് വർഷം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഞാൻ എന്നെ ഒരു സിനിമക്കാരിയായി കാണുന്നില്ല. തൃപ്പൂണിത്തുറയുടെ മകളായി, ഒരു സാധാരണക്കാരിയായി തന്നെ ജനങ്ങൾ കാണണം,” എന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്.
ട്വന്റി 20 പ്രഖ്യാപിച്ച പ്രമുഖ സ്ഥാനാർത്ഥികളിൽ മൂന്നാമത്തെയാളാണ് അഞ്ജലി നായർ. തൃക്കാക്കരയിൽ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാറും, ഏറ്റുമാനൂരിൽ നടി വീനാ നായരും ഇതിനകം മത്സരരംഗത്തുണ്ട്.
എൻഡിഎയിൽ ചേർന്നതിന് ശേഷമുള്ള ട്വന്റി 20യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയയും, അങ്കമാലിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രോമി കുര്യാക്കോസും മത്സരിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാർ സ്ഥാനാർത്ഥികളെ മുൻനിർത്തി ശക്തമായ പ്രചാരണത്തിനാണ് ട്വന്റി 20 ശ്രമിക്കുന്നത്.
English Summary
Actress Anjali Nair has officially launched her election campaign as a Twenty20 candidate in Thrippunithura by performing a Ganapathi homam at the campaign office. This marks Twenty20’s participation as part of the NDA in the upcoming Kerala Assembly elections. Anjali emphasized her identity as a common person rather than a celebrity. Meanwhile, BJP workers have expressed dissatisfaction over seat allocation to Twenty20. The party is fielding several celebrity candidates across constituencies.









