തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പത്തനംതിട്ട ബി.ജെ.പി. സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് മാംഗല്യം. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകൻ കൂടിയായ അനിൽ,തന്റെ നല്ലപാതിയെ കണ്ടെത്തിയതായാണ് വിവരം. അനിൽ ആന്റണിയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് അനിൽ ആന്റണിയോട് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. രാജ്യത്തെ ഒരു പ്രമുഖ കുടുംബാംഗമാണ് അനിൽ ആന്റണിയുടെ ഭാവി വധു എന്നാണ് വിവരം. തെരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞശേഷമേ വിവാഹവിവരങ്ങൾ പരസ്യമാക്കുകയുള്ളൂ. കേരളത്തിൽ ബി.ജെ.പി. എപ്ലസ് ഗ്രേഡ് നൽകി പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. കോൺഗ്രസിൽനിന്നു ചുവടുമാറി ബി.ജെ.പിയിൽ എത്തിയ അനിൽ ആന്റണി പാർട്ടിയുടെ ദേശീയ സെക്രട്ടറിയും പ്രകടനപത്രികാ സമിതിയിൽ അംഗവുമാണ്. അനിൽ ആന്റണി ജയിച്ചാലും തോറ്റാലും എൻ.ഡി.എ. മുന്നണി അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന. എ.കെ. ആന്റണിയുടെ അതേ ലാളിത്യം പുലർത്തുന്ന വ്യക്തിത്വമാണ് അനിലിനെന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇതു പങ്കുവച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായി വോട്ട് ചോദിച്ച് കേരളത്തിലെത്തിയതും അനിലിന്റെ മണ്ഡലത്തിലാണ്.
