ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തി പ്രചാരണം നടത്തിയ സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ആന്ധ്ര പൊലീസാണ് നടപടിയെടുത്തത്. അറസ്റ്റുണ്ടാകുമെന്ന സംശയത്തിൽ ഒളിവിൽ പോയ രാം ഗോപാൽ വർമയ്ക്ക് വേണ്ടി തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ തുടങ്ങി.(Andhra Pradesh police on the look out notice for director Ram Gopal Varma)
സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്ത ചിത്രങ്ങളടക്കം വർമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്നു ചൂണ്ടിക്കാട്ടി രാമലിംഗം എന്നയാളാണു പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ രാംഗോപാൽ വർമയ്ക്ക് സമൻസ് അയക്കുകയും ചെയ്തിരുന്നു.
നിലവിൽ രാംഗോപാൽ വർമയുടെ ഫോൺ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് വെർച്വലായി ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേന പൊലീസിനെ അറിയിച്ചതായാണ് വിവരം.