വിജയവാഡ: പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തൊട്ടരികിലൂടെ ട്രെയിൻ കടന്നുപോകുകയായിരുന്നു.(Andhra CM Chandrababu Naidu escapes unscathed in near-miss train accident)
സംസ്ഥാനത്തെ പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി ചന്ദ്രബാബു നായിഡു പാളത്തിലൂടെ നടക്കുമ്പോൾ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരികയായിരുന്നു. റെയിൽ ഗതാഗതത്തിന് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പാലത്തിൽ കാൽനടയാത്രയ്‌ക്ക് സ്ഥലമില്ല. ട്രെയിൻ കണ്ടയുടനെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കി. വൻ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്,
ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്‌തു. കഴിഞ്ഞ അഞ്ച് ദിവസമായി ദുരന്തഭൂമിയിൽ ചന്ദ്രബാബു നായിഡുവും സന്ദർശനം നടത്തുന്നുണ്ട്.