എക്സൈസ് ഓഫിസിൽ മദ്യപിച്ചെത്തി ഉദ്യോഗസ്ഥൻ; ഡ്യൂട്ടി നൽകിയ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്തു; നടപടിയുമായി പോലീസ്
വർക്കല: എക്സൈസ് ഓഫിസിൽ മദ്യപിച്ചെത്തിയ പ്രിവന്റീവ് ഓഫിസർ എക്സൈസ് ഇൻസ്പെക്ടറെ അസഭ്യം വിളിച്ചു കയ്യേറ്റത്തിനു മുതിർന്നതായി പരാതി.
എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണന്റെ പരാതിയിൽ പ്രിവന്റീവ് ഓഫിസർ ജസീനെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
മഫ്ടിയിൽ പരിശോധനയ്ക്കു തയാറാകാൻ ഇൻസ്പെക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും ജസീൻ മദ്യപിച്ച് ആണ്ഓഫിസിൽ എത്തിത്.
ഇത് സൂര്യനാരായണൻ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. പിന്നാലെ ജസീൻ കയ്യേറ്റത്തിനു മുതിർന്നു. സഹപ്രവർത്തകർ ഇടപെട്ട് പിടിച്ചുമാറ്റിയെങ്കിലും ജെസീൻ പിന്മാറാൻ കൂട്ടാക്കിയില്ല.
ഇതോടെ,സൂര്യനാരായണന്റെ പരാതിയിൽ ഇയാളെ വർക്കല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയതിനും എക്സസൈസ് ഇൻസ്പെക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ജസീന്റെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
തൊഴിലുറപ്പ് തൊഴിലാളിയുടെ മാല മോഷ്ടിച്ചു; സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ
പാലക്കാട്: ആലത്തൂരിൽ മാല മോഷ്ടിച്ച സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്തിനെയാണ് അറസ്റ്റ് ചെയ്തത്.
തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാലയാണ് സമ്പത്ത് മോഷ്ടിച്ചത്. ഈ മാല ഇയാൾ 1,11000 രൂപയ്ക്ക് വിറ്റിരുന്നു. ഇതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് ബസിൽ വന്നിറങ്ങിയതായിരുന്നു ഓമന. ആ സമയത്ത് അതുവഴി എത്തിയ പ്രതി സമ്പത്ത് വീട്ടിലേക്ക് ആക്കി തരാമെന്ന് പറഞ്ഞ് ഓമനയെ കൂട്ടി.
തുടർന്ന് വീടിന്റെ സമീപത്ത് എത്തിയതോടെ പ്രതി സമ്പത്ത് മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് അടുത്തുള്ള ജ്വല്ലറിയിൽ ഈ മാല വിൽക്കുകയും ചെയ്തു.
എന്നാൽ പ്രതിയെ കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പ്രതിയുടെ ബൈക്ക് ബജാജ് ഡിസ്‌കവർ ആയിരുന്നു.
തുടർന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റ ഡിസ്‌കവർ ബൈക്കിന്റെ വിവരങ്ങൾ തേടി ഇത് വഴിയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
പിന്നാലെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കടം തീർക്കുന്നതിനായാണ് മോഷണം നടത്തിയതെന്നാണ് പ്രതി മൊഴി നൽകിയത്.
ട്രെയിനിൽ കവർച്ചാശ്രമം
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ മോഷണ ശ്രമം ചെറുക്കുന്നതിനിടെ 64-കാരിക്ക് പരിക്ക്. തൃശ്ശൂർ തലോർ സ്വദേശിനി വൈക്കാടൻ വീട്ടിൽ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്.
ബാഗ് കവർച്ച പ്രതിരോധിക്കുന്നതിനിടെ അമ്മിണിയെ മോഷ്ടാവ് തീവണ്ടിയുടെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ എസ്-1 സ്ളീപ്പർകോച്ചിൽ വെച്ചാണ് സംഭവം.
എസ്-1 കോച്ചിന്റെ വാതിലിനോടു ചേർന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. തീവണ്ടി കോഴിക്കോട് നിർത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ വർഗീസ് ബാത്ത്റൂമിലേക്ക് പോയി.
തുടർന്ന് തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ അമ്മിണി എഴുന്നേറ്റു നിന്ന് സാരി ശരിയാക്കുന്നതിനിടെ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാൻ ശ്രമിക്കുകയായിരുന്നു.
ഉടൻ തന്നെ അമ്മിണി ബാഗിൽ പിടിക്കുകയും മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇവർ വീണതിനു പിന്നാലെ മോഷ്ടാവും പുറത്തേക്ക് ചാടി.
സംഭവ സമയത്ത് കോച്ചിലെ മറ്റുയാത്രക്കാർ ഉറക്കമായിരുന്നു. ശബ്ദം കേട്ട് ബാത്ത്റൂമിൽ നിന്ന് പുറത്തേക്കു വന്ന അമ്മിണിയുടെ സഹോദരൻ വർഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിൻ വലിച്ച് തീവണ്ടി നിർത്തി.
തലപൊട്ടി ചോരയൊലിച്ചു നിന്ന അമ്മിണിയെ തിരിച്ചുകയറ്റി യാത്ര തുടർന്നു. തിരൂരിൽ ഇറക്കിയ അമ്മിണിക്കൊപ്പം സഹോദരൻ വർഗീസും സഹയാത്രികൻ താനൂർ സ്വദേശി മുഹമ്മദ് ജനീഫും റെയിൽവേ പോലീസും ഒപ്പമിറങ്ങി.
തുടർന്ന് അമ്മിണിയെ ആംബുലൻസിൽ ആദ്യം തിരൂരിലെ ഒരു ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലെ മുറിവിന് തുന്നലിട്ട ശേഷം ബന്ധുക്കളെത്തി വൈകീട്ടോടെ ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി.
മുംബൈയിൽ സഹോദരന്റെ വീട്ടിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അമ്മിണിയും സഹോദരൻ വർഗീസും. ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്ന ഒരാളാണ് മോഷണശ്രമം നടത്തിയതെന്ന് അമ്മിണി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
തീവണ്ടിയ്ക്ക് വേഗം തീരേകുറവായതും ഇവർ വീണ സ്ഥലത്ത് വലിയ അപകടങ്ങളുണ്ടാക്കാവുന്ന വസ്തുക്കൾ ഇല്ലാതിരുന്നതും അമ്മിണിക്ക് രക്ഷയായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലും ആന്തരികമായി മറ്റു പ്രശ്നങ്ങൾ കണ്ടില്ലെന്ന് ഡോക്ടർ അറിയിച്ചു.
അമ്മിണി തീവണ്ടിയിൽ നിന്ന് വീണ് നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്സ്പ്രസും കടന്നുപോയിരുന്നു. വീണതിന്റെ ഒരു മീറ്റർ അകലെ ഇരുമ്പുപോസ്റ്റും സിഗ്നൽ കമ്പികളും കിടക്കുന്നുണ്ട്.