കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായതായി കണ്ടെത്തി. ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വനം മന്ത്രിക്ക് കൈമാറിയത്. കൂടുതൽ കാര്യങ്ങൾ വനം മന്ത്രി പറയുമെന്ന് ആർ കീർത്തി പറഞ്ഞു.
ഈ വിഷയത്തിൽ എഡിഎമ്മും വനം വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ വനം മന്ത്രി വിശദമാക്കുമെന്നും വീഴ്ചയിൽ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അവർ പ്രതികരിച്ചു. പടക്കം പൊട്ടിച്ച സംഭവം, രണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോൾ പാലിക്കേണ്ട അകലം ഇതൊക്കെ സംബന്ധിച്ച വിവരങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ പടക്കം പൊട്ടിച്ചതിൽ ക്ഷേത്രത്തിന് പങ്കില്ലെന്നും. ജനങ്ങളാണ് പടക്കം പൊട്ടിക്കുന്നതെന്നും ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ഷെനീത് എൽ ജി പറഞ്ഞു. ക്ഷേത്ര കോമ്പൗണ്ടിനകത്ത് പടക്കം പൊട്ടിച്ചിട്ടില്ല. ആചാരമായാണ് കതിന പൊട്ടിച്ചത്. ഒരു ചട്ടലംഘനവും ഉണ്ടായിട്ടില്ല. കേസെടുത്താൽ നിയമപരമായി തന്നെ നേരിടുമെന്നും, കേസെടുക്കേണ്ട കാര്യമില്ലെന്നും ചെയർമാൻ പ്രതികരിച്ചു.
റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. അപകടത്തിൽ ആളുകൾ മരിച്ചതിൽ ദുഃഖസൂചകമായി നഗരസഭയിലെ 11 വാർഡുകളിൽ ഹർത്താൽ പുരോഗമിക്കുകയാണ്. നഗരസഭയിലെ 17,18 വാർഡുകളിലും 25 മുതൽ 31 വരെയുള്ള വാർഡുകളിലാണ് ഹർത്താൽ ബാധകമാവുക. കാക്രട്ട്കുന്ന്, അറുവയൽ, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമൽ, കോമത്തകര, കോതമംഗലം എന്നീ വാർഡുകളിലാണ് ഹർത്താൽ.